തൃശൂർ: യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തിയും സർവിസ് നിർത്തിവെച്ച് സമരം ചെയ്യുന്നത് പൊതുജന വിരുദ്ധമായതിനാൽ അത്തരം സമരത്തിനില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. അതേസമയം, സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ അഞ്ചുമുതൽ പ്രസിഡന്‍റ് കെ.കെ. തോമസ് സെക്രട്ടേറിയറ്റിന് മുന്നിൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. തൃശൂരിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനം.
സംസ്ഥാനത്തെ ബസുടമകളിൽ അഞ്ച് ശതമാനത്തിന്‍റെ പോലും പിന്തുണയില്ലാത്ത ചില കടലാസ് സംഘടനകൾ സർവിസ് നിർത്തിവെച്ച് നടത്തുന്ന സമരവുമായി 90 ശതമാനത്തിലധികം ബസുടമകൾ അംഗങ്ങളായ ഓപറേറ്റേഴ്സ് ഫെഡറേഷന് ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ ബസ് വ്യവസായത്തെ ഉന്മൂലനം ചെയ്യാൻ ഇടയാക്കുന്ന, മേയ് നാലിന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കുന്നതു വരെ നിരാഹാര സമരം തുടരും. വിദ്യാർഥികളുടെ യാത്രനിരക്കിൽ കാലോചിത വർധന വരുത്തുകയും കൺസഷന് മാനദണ്ഡം നിശ്ചയിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.
ടി.എൻ. പ്രതാപൻ എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, യു.പി. ജോസഫ് (സി.ഐ.ടി.യു), സുന്ദരൻ കുന്നത്തുള്ളി (ഐ.എൻ.ടി.യു.സി), എ.സി. കൃഷ്ണൻ (ബി.എം.എസ്), കെ.കെ. ഹരിദാസ് (എ.ഐ.ടി.യു.സി), ബസുടമ സംഘടന നേതാക്കളായ ലോറൻസ് ബാബു, ശരണ്യ മനോജ്, എം.എസ്. പ്രേംകുമാർ, മണിലാൽ, ജോസ് ഓട്ടോക്കാരൻ, ഹംസ ഏരിക്കുന്നൻ, കെ.ബി. സുനീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.