മറുകണ്ടം ചാടുമോ സരിൻ? അവസരം മുതലാക്കാൻ സി.പി.എം, പാലക്കാട്ട് നിർണായക നീക്കങ്ങൾ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുയർന്ന എതിർപ്പ് മുതലാക്കാൻ സി.പി.എം. ഇടഞ്ഞുനിൽക്കുന്ന കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനറർ പി. സരിനുമായി സി.പി.എം ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് 11.45ന് വാർത്താസമ്മേളനം നടത്തുമെന്ന് സരിൻ അറിയിച്ചിട്ടുണ്ട്. അതിനിടെ, കെ.പി.സി.സി മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് സരിൻ 'ഗുഡ് ബൈ' പറഞ്ഞ് പുറത്തുപോയിരിക്കുകയാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലക്ഷ്യമിട്ട് പി. സരിൻ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു. താൻ മത്സരിക്കുമെന്ന് സരിൻ പലരോടും പറഞ്ഞിരുന്നതായും പറയപ്പെടുന്നു. എന്നാൽ, തന്നെ തഴഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് സരിന് കനത്ത തിരിച്ചടിയായി. സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും താൽപര്യം. എന്നാൽ ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്.

കെ. മുരളീധരനെയോ മറ്റേതെങ്കിലും നേതാവിനെയോ സ്ഥാനാർഥിയാക്കിയാൽപോലും തനിക്ക് കുഴപ്പമില്ലെന്നാണ് സരിന്‍റെ നിലപാട്. അതേസമയം, ഈ സാഹചര്യം മുതലാക്കാൻ സി.പി.എം നീക്കം തുടങ്ങിയിട്ടുണ്ട്. സരിൻ മറുകണ്ടം ചാടുമോ, അതോ സരിന് പിന്തുണയുമായി സി.പി.എം എത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സി.പി.എം അവയ്‍ലബിൾ ജില്ല കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. അതേസമയം, സരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിലും സജീവമാണ്. 

പാലക്കാട് സ്ഥാനാർഥിയാക്കാൻ സി.പി.എം നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗം ആണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കും വേഗം കുറഞ്ഞിട്ടുണ്ട്. 

ഇന്നലെയാണ് വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. വയനാട്ടിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് യു.ഡി.എഫ് സ്ഥാനാർഥികൾ. ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ. 

Tags:    
News Summary - Busy political movements in Palakkad after P Sarins stand on congress candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.