ഉപതെരഞ്ഞെടുപ്പ് ഫലം; ജനത്തെ വെല്ലുവിളിച്ചതിന് കിട്ടിയ തിരിച്ചടിയെന്ന് കെ. സുധാകരന്‍

ജനത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സര്‍ക്കാരിന്‍റെ നികുതികൊള്ളക്കും കിട്ടിയ തിരിച്ചടിയാണ് തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മിന്നും ജയം നേടിയത്. ജനം വെറുത്ത എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് ആറു സീറ്റുകള്‍ പിടിച്ചെടുത്തു. അധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തില്‍ എന്തു ചെയ്തതാലും ജനം അതെല്ലാം സഹിക്കുമെന്ന മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫ് സര്‍ക്കാരിന്‍റെയും മിഥ്യാധാരണയാണ് ജനം പൊളിച്ചടുക്കിയത്. മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും വാക്കുകളില്‍ ആ പരിഹാസം എല്ലായിപ്പോഴും മുഴച്ച് നിന്നിരുന്നു. ബജറ്റിലെ നികുതിക്കൊള്ളയും ഇന്ധന സെസും കുറക്കണമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആവശ്യപ്പെട്ടപ്പോള്‍ ജനത്തിന് അത്തരമൊരു അഭിപ്രായമില്ലെന്ന മുന്‍വിധിയോടുള്ള പരിഹാസം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിയും എൽ.ഡി.എഫ് അംഗങ്ങളും നല്‍കിയത്.

ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ ‍‍വിഷയദാരിദ്രമെന്ന് വരെ പറഞ്ഞു. എന്നാല്‍ ജനവിധി പുറത്ത് വന്നപ്പോള്‍ ജനം എത്രത്തോളം എൽ.ഡി.എഫിനെ വെറുക്കുന്നു എന്നതിന്‍റെ ആഴം വ്യക്തമായി. മുഖ്യമന്ത്രിക്ക് സുഗമമായി കടന്നുപോകാന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചും ജനത്തിന്‍റെ മേല്‍ കുതിരകേറിയും കരുതല്‍ തുറുങ്കലിലടച്ചും പൊലീസ് വലയത്തില്‍ ആഡംബര ജീവിതം നയിക്കാമെന്ന വ്യാമഹോത്തിന് കിട്ടിയ പ്രഹരം കൂടിയാണ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ഉജ്വലമുന്നേറ്റം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും മികച്ച വിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികളെ അഭിനന്ദിക്കുന്നു.

കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവുമാണ് എൽ.ഡി.എഫ് മുന്നണിയെ നയിക്കുന്നത്. മോദിയുടെയും പിണറായിയുടെയും സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ ജനത്തിന് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. തുടര്‍ച്ചയായി പാചകവാതക വിലവര്‍ധിപ്പിച്ചും ഇന്ധനവില കുറക്കാതെയും മോദി സര്‍ക്കാരും നികുതിക്കൊള്ളയും അധികനികുതി ഇന്ധനത്തിന് ചുമത്തിയും പിണറായി വിജയനും ജനത്തിന്‍റെ നടുവൊടിച്ചു. മോദി സര്‍ക്കാരിന്‍റെ അടിക്കടിയുള്ള പാചകവാതക വിലവര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിച്ചു. അതിന് മേല്‍ ഇടിത്തീപോലെയാണ് പിണറായി സര്‍ക്കാർ നികുതിക്കൊള്ള നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - By-election result; K Sudhakaran said that he got backlash for challenging the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.