പൂരം കലക്കാൻ എ.ഡി.ജി.പി അജിത് കുമാർ സഹായിച്ചെന്ന് കെ. മുരളീധരൻ; ജുഡീഷ‍്യൽ അന്വേഷണം വേണം

തൃശൂർ: തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എ.ഡി.ജി.പി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പിയെ സഹായിച്ചതെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇതാണ് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കാത്തതിന് കാരണമെന്നും മുരളീധരൻ ആരോപിച്ചു.

ഏപ്രിൽ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രിൽ 17ന് രാവിലെ തന്നെ ഇക്കാര്യം താൻ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കൈകളുണ്ടെന്ന് താൻ ഉറച്ച് വിശ്വസിക്കുകയാണ്. സുരേഷ് ഗോപി ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കൽ. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മുരളീധരൻ പറഞ്ഞു.

പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഡീൽ ആണെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ പൂരം കലക്കിയത്​ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി. ഹൈക്കോടതിയിൽ അഭിഭാഷകനായ വി.ആർ. അനൂപാണ്​ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പി.വി. അൻവറിന്‍റെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - K Muraleedharan said ADGP Ajith Kumar helped to mess up Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.