കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ. എ.പി. അബ്ദുല്ലക്കുട്ടിക്ക് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനം നൽകിയതുകൊണ്ട് പാർട്ടിക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറു കൂടിയായ സി.കെ. പത്മനാഭൻ അഴീക്കോെട്ട വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
പിണറായി വിജയെൻറ വ്യക്തിപ്രഭാവം മനസ്സിലാക്കണം. ഒരു തീരുമാനമെടുത്താൽ എന്തെല്ലാം എതിർപ്പുകൾ ഉണ്ടെങ്കിലും അതിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. അഞ്ചുവർഷം അദ്ദേഹത്തിന് പ്രതിപക്ഷത്തുനിന്നൊക്കെ നേരിടേണ്ടിവന്ന എതിർപ്പുകളെ അചഞ്ചലമായ നിലപാട് സ്വീകരിച്ചാണ് നേരിട്ടത്. ഇത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. അദ്ദേഹം പ്രതിപക്ഷത്തിെൻറ ഇരയാകുന്നുണ്ടെന്ന ചിന്ത ജനങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡൻറ് ആക്കിയതുകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് കേന്ദ്രനേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ ഇരിക്കുന്ന ആളുകൾക്ക് ഇവിടത്തെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ല.
ബി.ജെ.പിക്ക് വലിയ വോട്ടുചോർച്ചയാണ് എല്ലാ മണ്ഡലങ്ങളിലും ഉണ്ടായത്. ധർമടത്ത് മത്സരിക്കാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. നേതൃത്വം മാറിയതുകൊണ്ട് ഫലമില്ല. പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം- സി.കെ.പത്മനാഭൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.