തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഫാഷിസത്തിന്‍റെ രൂപമാണ് രാജ്യത്ത് പുറത്തുവരുന്നത്. തങ്ങൾക്ക് അനുകൂലമായ വാർത്തകൾ മാത്രം പുറത്തുവരാവൂ എന്ന ആഗ്രഹിക്കുന്ന ഭരണകൂടത്തിന്‍റെ ഭീകരതയാണിത്. സർക്കാറിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ചാനലുകൾക്ക് എന്തുചെയ്യാനും സ്വാതന്ത്ര്യമുണ്ട്. യഥാർഥ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നവരെ രാജ്യദ്രോഹികളായും അക്രമികളായും മുദ്രകുത്തുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
ഇന്‍റർനെറ്റ് വിച്ഛേദിച്ചും ഗതാഗതം തടസപ്പെടുത്തിയും മെട്രോ ട്രെയിൻ സർവീസ് നിർത്തിവെച്ചും സമരത്തെ അട്ടിമറിക്കാമെന്ന് കരുതുന്ന നരേന്ദ്ര മോദിയും അമിത്ഷായും മൂഢസ്വർഗത്തിലാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്ന് മോദിയും അമിത് ഷായും കാണാൻ പോകുന്നതേ ഉള്ളൂ. ജനങ്ങളെ വെടിവെക്കണമെന്ന് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്യുന്നു. പരസ്യമായ പ്രകോപനം നടത്തിയിട്ട് മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നു.
നിരവധി സമരങ്ങൾ രാജ്യം കണ്ടിട്ടുണ്ട്. എന്നാൽ, സർക്കാർ സംവിധാനം ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുന്നത് ആദ്യ സംഭവമാണ്. സ്വാതന്ത്ര്യം സമരം നടത്തിയ നാടാണ് ഇന്ത്യ. ബ്രിട്ടീഷുകാരെ സമാധാന സമരത്തിലൂടെ ഒാടിച്ച നാടാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വെടിവെപ്പ് നടത്തേണ്ട ആവശ്യം മംഗളൂരുവിൽ ഉണ്ടായിരുന്നില്ല. സമരം നടത്തുമെന്ന് അറിഞ്ഞപ്പോൾ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു പേരെ വെടിവെച്ച് കൊല്ലാനുള്ള സാഹചര്യം ഇല്ലായിരുന്നു. സംഭവം സിറ്റിങ് ജഡ്ജി അന്വേഷിക്കണം. പൗരത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ സമരം നടത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലില്ലെന്ന് വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.