തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ല സഹകരണ കോ- ഓപറേറ്റിവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ- ഓപറേറ്റിവ് ബാങ്ക് രൂപവത്കരിക്കുന്നതിനുള്ള ശിപാർശകൾ ഉൾക്കൊള്ളുന്ന പ്രഫ. എം.എസ്. ശ്രീറാം കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചു.
റിസർവ് ബാങ്ക്, നബാർഡ് എന്നിവയുടെ അംഗീകാരം ബാങ്കിന് ലഭിക്കാനുള്ള നടപടി ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഏപ്രിൽ 28-നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശിപാർശകൾക്ക് പ്രായോഗിക രൂപം നൽകുന്നതിന് നബാർഡിെൻറ മുൻ ചീഫ് ജനറൽ മാനേജർ വി.ആർ. രവീന്ദ്രനാഥ് ചെയർമാനായി കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. കേരള സഹകരണ ബാങ്ക് നിലവിൽവരുമ്പോൾ ജില്ല സഹകരണ ബാങ്കുകൾ ഇല്ലാതാകും. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രണ്ട് തട്ട് മാത്രമേ ഉണ്ടാകൂ. കേരള ബാങ്ക് രൂപവത്കൃതമായാൽ സഹകരണ മേഖലയിലെ മിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും. അതോടെ വായ്പ നിക്ഷേപ അനുപാതം ഉയരുകയും വായ്പ പലിശനിരക്ക് കുറയുകയും ചെയ്യും.
എസ്.ബി.ടി, എസ്.ബി.ഐയിൽ ലയിച്ചതോടെ കേരളത്തിന് തദ്ദേശീയമായ ബാങ്കില്ലാതായി. ഈ കുറവ് പരിഹരിക്കാൻ കേരള കോ- ഓപറേറ്റിവ് ബാങ്കിന് കഴിയും. സംസ്ഥാനത്തിെൻറ സാമ്പത്തിക വളർച്ചയിലും ക്ഷേമപ്രവർത്തനങ്ങളിലും കേരള ബാങ്ക് പങ്കാളിയാകുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. വലിപ്പവും മൂലധനശേഷിയും വർധിക്കുമ്പോൾ ആധുനിക ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാകും. ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് അവരുടെ സംഘടനകളുമായി ചർച്ച നടത്തും.
സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിന് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ െറഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. സർക്കാറിെൻറ തീരുമാനത്തിെൻറ ചുവടുപിടിച്ച് പഞ്ചാബിലും സഹകരണ ബാങ്കുകളുടെ സംയോജനത്തിന് നടപടി ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, യു.പി സർക്കാറുകൾ കേരള ബാങ്ക് രൂപവത്കരണത്തെക്കുറിച്ച് അറിയാൻ സംസ്ഥാന സഹകരണ വകുപ്പുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.