ജയില്‍ പരിഷ്കരണം: ഡോ. അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമീഷൻ

തിരുവനന്തപുരം: ജയില്‍ പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഏകാംഗ കമീഷനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ പൊലീസ് സയന്‍സ് ആന്‍റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസറുമായ ഡോ. അലക്സാണ്ടര്‍ ജേക്കബിനെയാണ് കമീഷനായി നിയമിക്കുക.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ് സബ്സിഡിയായി 75 ലക്ഷം രൂപ കൂടി സർക്കാർ അനുവദിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപക്ക് പുറമേയാണിത്.

കണ്ണൂര്‍ കോര്‍പറേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്കൃത വസ്തുക്കളായ മുള, ഈറ്റ, യൂക്കാലിപ്റ്റസ്, അക്കേഷ്യാ എന്നിവ 2015-16 വര്‍ഷത്തിലെ പോലെ ഒരു മെട്രിക് ടണ്ണിന് 1,000 രൂപ എന്ന നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിലും അനുവദിച്ചു.

തിരുവനന്തപുരം ടെക്നോപാര്‍ക്‍, കൊച്ചി ഇന്‍ഫോപാര്‍ക്‍, കോഴിക്കോട് സൈബര്‍ പാര്‍ക്‍ എന്നീ മൂന്ന് ഐ.റ്റി. പാര്‍ക്കുകളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഋഷികേശ് ആര്‍. നായരെ നിയമിച്ചു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിസ്ഥിതി വകുപ്പുമായി പര്യാലോചന ഉറപ്പുവരുത്താന്‍ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Tags:    
News Summary - cabinet brieffing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.