തിരുവനന്തപുരം: വിവാദമായ ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്തവർക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കും എതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 90 ശതമാനവും ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പല കേസുകളിലെയും പ്രതികൾ ജാമ്യം നേടിയിട്ടുണ്ട്. അതേസമയം, പൊലീസുകാരെ അക്രമിക്കുക, സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകൾ നശിപ്പിക്കുക അടക്കമുള്ള ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ സാധ്യതയില്ല.
ശബരിമല, സി.എ.എ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ശബരിമല കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് എൻ.എസ്.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സി.എ.എ കേസുകൾ പിൻവലിക്കണമെന്ന് മുസ് ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്ന് ആരോപിച്ച് 46 രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കള്‍ക്കെതിരെ അടുത്ത ദിവസം കേരള പൊലീസ് കേസെടുത്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്നാട് സർക്കാർ ഫെബ്രുവരി 19ന് തീരുമാനിച്ചിരുന്നു. പൗരത്വ പ്രക്ഷോഭകർക്കെതിരെ 1500 ഒാളം കേസുകളാണ് ചുമത്തിയിരുന്നത്. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്ത സംഭവങ്ങളിലൊഴികെയുള്ള മുഴുവൻ കേസുകളുമാണ് റദ്ദാക്കിയത്.
പ്രക്ഷോഭകർക്കെതിരായ കേസുകൾ എഴുതിത്തള്ളണമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.