തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടതുസംബന്ധിച്ച വിവാദം ആളിക്കത്തുമ്പോഴും ചർച്ചയാകാതെ മന്ത്രിസഭ യോഗം. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ സർക്കാറിനെയും മുന്നണിയെയും പിടിച്ചുലക്കുന്ന വിവാദം ആരും ഉന്നയിക്കുകയോ മുഖ്യമന്ത്രി വിശദീകരിക്കുകയോ ചെയ്തില്ല. യോഗത്തിനു പിന്നാലെ ഇടതുമുന്നണി യോഗം ചേർന്നപ്പോൾ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം തുടർനടപടിയെന്നുമുള്ള വിശദീകരണമാണ് മുഖ്യമന്ത്രി നൽകിയത്.
ഇടതുമുന്നണിയിൽ സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികൾ എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയെ പരസ്യമായി തള്ളി രംഗത്തുവന്നിരുന്നു. സുപ്രധാന ചുമതലയുള്ള സർക്കാറിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നണിയുടെയും സർക്കാറിന്റെയും നിലപാടിന് വിരുദ്ധമായി ആർ.എസ്.എസുമായി രഹസ്യചർച്ചക്ക് പോയത് സി.പി.ഐ മന്ത്രിമാർ ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
പി.വി. അൻവർ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ എസ്.പി. സുജിത് ദാസിനെ സസ്പെൻഡ് ചെയ്യുകയും മലപ്പുറം എസ്.പി ഉൾപ്പെടെ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതോടൊപ്പം ആരോപണ വിധേയനാവുകയും പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം ചർച്ചക്കുപോലുമെടുക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.