തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള (സി.ബി.ടി) നിർദേശം നടപ്പാക്കുന്നത് മന്ത്രിസഭ അംഗീകാരത്തിൽ കുരുങ്ങി വൈകുന്നു. ഇതു സംബന്ധിച്ച പ്രവേശന പരീക്ഷ കമീഷണറുടെ ശിപാർശ മന്ത്രിസഭ അംഗീകാരത്തിനായി ആഴ്ചകൾക്കുമുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, വിഷയം മന്ത്രിസഭ പരിഗണിക്കാത്തതിനാൽ തുടർനടപടി സ്തംഭനത്തിലാണ്. നിർദേശം വൈകാതെ മന്ത്രിസഭ പരിഗണിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഈ വർഷം മുതൽ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നേരത്തേ പ്രഖ്യാപിച്ചിരുന്നു. സർക്കാർ തീരുമാനം ഉത്തരവായി ഇറങ്ങിയാൽ മാത്രമേ പ്രവേശന പരീക്ഷ കമീഷണറേറ്റിന് തുടർനടപടികൾ സ്വീകരിക്കാനാകൂ. പരീക്ഷ നടത്തിപ്പിന് സാങ്കേതിക സഹായം നൽകേണ്ട ഏജൻസിയെ തീരുമാനിക്കണം. സർക്കാർ ഏജൻസിയായ സി.ഡിറ്റും സ്വകാര്യ ഏജൻസിയായ ടി.സി.എസുമാണ് പരിഗണനയിലുള്ളത്. പേപ്പർ-പെൻ പരീക്ഷ സി.ബി.ടി രീതിയിലേക്ക് മാറ്റുകയാണെങ്കിൽ നിലവിലുള്ള പ്രോസ്പെക്ടസിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. ഇതിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗം ചേരുകയും സർക്കാറിലേക്ക് ശിപാർശ സമർപ്പിക്കുകയും ഉത്തരവായി ഇറങ്ങുകയും വേണം. ഇതിന് ഏറെ സമയമെടുക്കും.
ദേശീയ തലത്തിലുള്ള വിവിധ മത്സരപ്പരീക്ഷ തീയതികൾ കൂടി പരിഗണിച്ച് കേരള എൻട്രൻസ് പരീക്ഷയുടെ തീയതിയും തീരുമാനിക്കണം. നിലവിൽ രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് പേപ്പറുകളിലായാണ് എൻജിനീയറിങ് എൻട്രൻസ് പരീക്ഷ നടത്തുന്നത്. സി.ബി.ടി രീതിയിൽ ഒറ്റ പേപ്പർ പരീക്ഷ പൂർത്തിയാക്കാൻ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. ഒരു ലക്ഷത്തിലധികം കുട്ടികൾ എഴുതുന്ന പരീക്ഷക്ക് 14 ജില്ലകളിലും കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്തൽ ശ്രമകരമായ ജോലിയാണ്. ഇവയെല്ലാം പൂർത്തിയാക്കാൻ സമയം ആവശ്യമാണ്. സർക്കാർ തീരുമാനം വൈകുന്നത് തുടർനടപടികൾ സ്വീകരിക്കുന്നതിനെല്ലാം തടസ്സമായി നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.