പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ കാഡറ്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. നേവൽ ഓഫിസർ ട്രെയ്നി മലപ്പുറം തിരൂർ കാനല്ലൂരിലെ റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ ഗൂഡപ്പയുടെ മകൻ സൂരജാണ് (25) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ സൂരജിനെ കെട്ടിടത്തിനുതാഴെ അബോധാവസ്ഥയിൽ വീണുകിടക്കുന്നത് കണ്ട നാവിക അക്കാദമി അധികൃതർ ആദ്യം അക്കാദമി ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് മരിച്ചത്. അധികൃതരുടെ പീഡനമാണ് മരണകാരണമെന്നാരോപിച്ച് സൂരജിെൻറ സഹോദരൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. നാവികസേനാവിഭാഗവും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അക്കാദമിയിൽ സെയിലറായി ചേർന്ന സൂരജ്്, 2014ലാണ് ട്രെയ്നിയായത്. എന്നാൽ, 2015ൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് അധികൃതർ നടപടിയെടുത്ത് പുറത്താക്കി. തുടർന്ന് സൂരജ് കേരള ഹൈകോടതിയെ സമീപിക്കുകയും കോടതി തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതുപ്രകാരം ഈ വർഷം ജനുവരിയിൽ വീണ്ടും ട്രെയ്നിയായി ചേർന്നു. ഇതിനുശേഷം അധികൃതർ പ്രതികാരമനോഭാവത്തോടെ പെരുമാറുന്നതായി സൂരജ് പറയാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അക്കാദമിക്കെതിരെ നിയമനടപടി സ്വീകരിച്ചതിെൻറ പ്രതികാരമായാണ് പീഡനമെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സഹോദരൻ പറഞ്ഞു. സഹോദരെൻറ മൊഴി രേഖപ്പെടുത്തിയ പൊലീസ്, അന്വേഷണം തുടങ്ങി.
സൂരജിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി അധികൃതർ നിഷേധിച്ചു. പരീക്ഷ ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചതിനാണ് നേരത്തെ നടപടിയെടുത്തത്. കോടതിവിധിയുണ്ടായതോടെ പുനഃപ്രവേശനം നൽകി. ബുധനാഴ്ച വൈകീട്ടാണ് സൂരജ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കി. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും ഹൃദയാഘാതം വന്നതായി ഡോക്ടർമാർ പറഞ്ഞതായും ബന്ധപ്പെട്ടവർ അറിയിച്ചു. നാവികസേനാ വിഭാഗവും അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ പരിയാരത്തെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ മൃതദേഹം വിട്ടുകൊടുത്തു. സൂരജിെൻറ പിതാവ് കർണാടക സ്വദേശിയായ ഗൂഡപ്പ അടുത്തകാലത്താണ് നാവിക അക്കാദമിയിൽനിന്ന് വിരമിച്ചത്. തിരൂരിലെ പുഷ്പലതയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.