തിരുവനന്തപുരം: റവന്യൂ കമ്മിയും ധനകമ്മിയും കടബാധ്യതകളും കുറക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ലക്ഷ്യം നേടാനായില്ലെന്ന് കംട്രോളർ-ഓഡിറ്റ് ജനറൽ റിപ്പോർട്ട്. ധന ഉത്തരവാദ നിയമത്തിൽ 2021-22 മുതൽ 2025-26 കാലയളവിൽ റവന്യൂ കമ്മി പൂർണമായി ഇല്ലാതാക്കാനും റവന്യൂ മിച്ചം ജി.എസ്.ഡി.പിയുടെ .05 മുതൽ 2.5 ശതമാനം എന്ന നിലയിൽ വർധിപ്പിക്കാനുമാണ് ലക്ഷ്യമിട്ടത്. ധനകമ്മി 2025-26 ൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനത്തിലേക്ക് കുറക്കാനും കടബാധ്യത 2021-22ൽ ജി.എസ്.ഡി.പിയുടെ 34.70 ശതമാനമായി കുറക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ റവന്യൂ കമ്മി പൂജ്യമാകേണ്ട സ്ഥാനത്ത് 2021-22ൽ 3.27 ശതമാനമായി ഉയർന്നു-29539.27 കോടി രൂപ. ധനകമ്മി 4.5 ശതമാനം ആകേണ്ട സ്ഥാനത്ത് 5.10 ശതമാനമാണ്-46045.78 കോടി.
കടബാധ്യതകൾ 34.70 ശതമാനം ലക്ഷ്യമിട്ട സ്ഥാനത്ത് 38.65 ശതമാനമായി -348653.46 കോടി. ധനകമ്മി, റവന്യൂ കമ്മി, കടങ്ങൾ എന്നിവയെല്ലാം ധനഉത്തരവാദിത്ത നിയമം ലക്ഷ്യമിട്ടതിനെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. റവന്യൂ ചെലവ് 123446.33 കോടിയിൽനിന്ന് 2021-22ൽ 146179.51 കോടിയായി ഉയർന്നു. 18.42 ശതമാനമാണ് വർധന. മൂലധന ചെലവ് 12889.65 കോടിയിൽനിന്ന് 14191.73 കോടിയായി.
10.10 ശതമാനമാണ് കൂടിയത്. റവന്യൂ വരുമാനം 163225.53 കോടിയായി. ജി.എസ്.ടി വരുമാനം 20.68 ശതമാനം വർധിച്ചു. 20028.31 കോടിയിൽ നിന്ന് 2021-22ൽ 24169.81 കോടിയിലെത്തി. 4141.50 കോടിയാണ് വർധന. 2021-22 ബജറ്റിൽ ലക്ഷ്യമിട്ട വരുമാനം 130422.06 കോടിയായിരുന്നു. എന്നാൽ 116640.24 കോടിയേ ലഭിച്ചുള്ളൂ- 89.43 ശതമാനം. നികുതി-നികുതിയേതര വരുമാനം, ഗ്രാന്റ് ഇൻ എയ്ഡ് എന്നിവയിലെല്ലാം കുറവ് വന്നു. നികുതിയേതര വരുമാനം 72.98 ശതമാനമേ ലഭിച്ചുള്ളൂ. മൊത്തം ചെലവുകൾ ബജറ്റ് ലക്ഷ്യമിട്ടതിന്റെ 89.09 ശതമാനം മാത്രമാണ്. ഇതിൽ പദ്ധതിയേതര മൂലധന വിഭാഗത്തിൽ 23.70 ശതമാനം മാത്രമാണ് ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.