മെഡിക്കൽ കോളജ് പീഡനം: അനിതയുടെ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിൽ ഐ.സി.യു പീഡനക്കേസിലെ ഇരക്കൊപ്പം നിന്ന തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിത ഹൈകോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

അതേസമയം, കോടതിയുടെ നിയമന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഫയൽ ചെയ്ത ഹരജിയും ഇന്ന് പരിഗണിച്ചേക്കും. ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ മുൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും സർക്കാർ ഉന്നയിച്ചിട്ടുണ്ട്.

ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയ അനിതക്ക് കോഴിക്കോടുതന്നെ നിയമനം നൽകണമെന്ന് മാർച്ച് ഒന്നിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ഹാജരാക്കിയിട്ടും നിയമനം നൽകിയില്ലെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഒന്നാം എതിർകക്ഷിയാക്കി ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹരജിയിൽ പറയുന്നത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മെഡിക്കൽ എജുക്കേഷൻ ഡയറക്ടറും ഉത്തരവിട്ടിട്ടില്ലാത്തതിനാൽ നിയമനം നൽകാനാകില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചെന്നാണ് ഹരജിയിൽ വിശദീകരിക്കുന്നത്.

അനിത ആവശ്യപ്പെടുന്ന തസ്തികയിലേക്ക് മറ്റ് 18 പേർകൂടി അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിൽ ചിലർ അനിതയേക്കാൾ ഏറെക്കാലം ദൂരസ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടെന്നുമാണ് പുനഃപരിശോധന ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം. സ്ഥലംമാറ്റം ആവശ്യപ്പെട്ട് 18 പേർ നൽകിയ അപേക്ഷയും ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഹൈകോടതി ഉത്തരവ് പരിശോധിക്കുമ്പോഴാണ് അനിത ആവശ്യപ്പെട്ട അതേ തസ്തികയിലേക്ക് കൂടുതൽപേർ നിയമനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. മുൻ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ഇക്കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായില്ലെന്നും സർക്കാർ പറയുന്നു.

ചികിത്സയിലിരിക്കെ രോഗി പീഡനത്തിനിരയായ സംഭവത്തില്‍ അതിജീവിതക്കൊപ്പം നിന്നെന്ന കാരണത്താൽ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ കോഴിക്കോട്ടുതന്നെ നിയമനം നൽകി സർക്കാർ മുഖംരക്ഷിച്ചിരുന്നു.

അനിശ്ചിത കാലസമരത്തിന് ലഭിച്ച ജനകീയ പിന്തുണക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം വിഷയം രാഷ്ട്രീയായുധമാക്കുകകൂടി ചെയ്തതോടെ വെട്ടിലായ സർക്കാർ ഒടുവിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു. മുൻ നിലപാടിൽനിന്ന് മലക്കംമറിയേണ്ടി വന്നതിനാൽ ഉപാധികളോടെയാണ് നിയമനം. കേസ് കോടതിയിലായതിനാൽ വിധിതീർപ്പിന് അനുസരിച്ചാകും അന്തിമ തീരുമാനമെന്ന വ്യവസ്ഥയാണ് ഉത്തരവിൽ ഉൾപ്പെടുത്തുക.

ഐ.സി.യുവിൽ രോഗി പീഡനത്തിരയായ സംഭവത്തിൽ വീഴ്ചപറ്റിയെന്ന അന്വേഷണ കമീഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അനിതക്കെതിരായ നടപടി. എന്നാല്‍, അനിതയെ തിരികെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍തന്നെ പ്രവേശിപ്പിക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും ആരോഗ്യവകുപ്പ് തയാറായില്ല. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു അനിത മെഡിക്കല്‍ കോളജില്‍ ആരോഗ്യവകുപ്പിനെതിരെ സമരം ആരംഭിച്ചത്. സംഭവത്തിലെ അതിജീവിത സമരത്തെ പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്തുണയുമായെത്തി.

Tags:    
News Summary - Calicut Medical College Sexual Harassment Case: High Court to hear Anitha's plea today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.