ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി.

നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ എന്നിവരെ ചാൻസലറായ ഗവർണർ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ നടപടി പിന്നീട് തീരുമാനിക്കും.

കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ മൂന്നു സർവകലാശാല വൈസ് ചാൻസലർമാർ രാജ്ഭവനിൽ ഹിയറിങ്ങിന് ഹാജരായിരുന്നു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നേരിട്ട് പങ്കെടുത്തപ്പോൾ കാലിക്കറ്റ് വി.സിക്കുവേണ്ടി അഭിഭാഷകൻ ഹാജരായി. സംസ്കൃത സർവകലാശാല വി.സിക്കുവേണ്ടി അഭിഭാഷകൻ ഓൺലൈനായും ഹാജരായി. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി ഡോ. പി.എം. മുബാറക് പാഷ ദിവസങ്ങൾക്ക് മുമ്പ് രാജിക്കത്ത് നൽകിയതിനാൽ ഹാജരായില്ല.

പദവിയിൽ തുടരുന്നതിന് അയോഗ്യതയില്ലെന്ന വാദമാണ് മൂന്നുപേരും അന്ന് അവതരിപ്പിച്ചത്. കാലാവധി പൂർത്തിയാകാൻ നാലു മാസമേ ശേഷിക്കുന്നുള്ളൂവെന്നും തുടരാൻ അനുവദിക്കണമെന്നും കാലിക്കറ്റ് വി.സി അഭ്യർഥിച്ചു. സർവകലാശാലയുടെ ആദ്യ വി.സി നിയമനം സർക്കാർ ശിപാർശ പ്രകാരം ചാൻസലർ നടത്തണമെന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ആദ്യ വി.സി ആയതിനാലാണ് സെർച് കമ്മിറ്റി ഇല്ലാതെ നിയമനമെന്നും വിശദീകരിച്ചു.

ഹൈകോടതി ഉത്തരവ് പ്രകാരമാണ് വി.സിമാരെ ഹിയറിങ്ങിന് വിളിച്ചത്. വി.സിമാരുടെ ഭാഗം കേൾക്കാൻ മതിയായ സൗകര്യം നൽകണമെന്നായിരുന്നു കോടതി നിർദേശം. നിയമനത്തിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ജി.സി വ്യവസ്ഥകൾ പാലിക്കാതെ നിയമനം ലഭിച്ച ഒമ്പത് വി.സിമാർക്ക് ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.

വി.സിമാർ കോടതിയിൽ എത്തിയതോടെ നടപടികൾ സ്റ്റേ ചെയ്തു. വി.സിമാരുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാൻ പിന്നീട് കോടതി ഗവർണർക്ക് അനുമതി നൽകി. ഇതിനിടെ ഫിഷറീസ്, കണ്ണൂർ സർവകലാശാല വി.സിമാർ കോടതി വിധികളിലൂടെ പുറത്തായി. കേരള, എം.ജി, കുസാറ്റ്, മലയാളം സർവകലാശാല വി.സിമാർ കാലാവധി പൂർത്തിയാക്കി. ശേഷിച്ച നാല് പേർക്കാണ് ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. യു.ജി.സി ജോയന്‍റ് സെക്രട്ടറി, സ്റ്റാൻഡിങ് കോൺസൽ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ഹിയറിങ്ങിൽ ഗവർണറുടെ സ്റ്റാൻഡിങ് കോൺസൽ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുത്തിരുന്നു.

Tags:    
News Summary - Calicut, Sanskrit University VCs sacked by governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.