കൊച്ചി: മാർച്ച് ആറിന് കാലാവധി പൂർത്തിയാകുന്ന കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പുകൾ ജൂൺ 30ന് മുമ്പ് പൂർത്തിയാക്കണമെന്ന് ഹൈകോടതി. വോട്ടർ പട്ടിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
നടപടിക്രമങ്ങൾക്ക് സമയം വേണ്ടിവരുമെന്നത് കണക്കിലെടുത്താണ് ജൂൺ 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പിന് നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സെനറ്റംഗവും കോഴിക്കോട് ദേവഗിരി കോളജ് അസോ. പ്രഫസറുമായ ഷിബി എം. തോമസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സെനറ്റ് തെരഞ്ഞെടുപ്പ് ബോധപൂർവം വൈകിപ്പിക്കുകയാണെന്നും ഇതിന് പൂർണ ഉത്തരവാദി വൈസ് ചാൻസലറാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
സ്ഥലവും സമയവും നിശ്ചയിക്കുന്നതടക്കം നടപടിക്രമങ്ങൾ വൈസ് ചാൻസലറുടെ ചുമതലയാണെന്ന് കോടതിയും വിലയിരുത്തി. മാർച്ച് ആറിന് കാലാവധി പൂർത്തിയാകുമെന്ന് അറിയാമെന്നിരിക്കെ തെരഞ്ഞെടുപ്പിന് നടപടികൾ ആരംഭിക്കേണ്ടിയിരുന്നുവെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, 2022 നവംബർ 19നുതന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം രജിസ്ട്രാർക്ക് വി.സി നൽകിയിരുന്നതാണെന്ന് സർവകലാശാല അറിയിച്ചു. രജിസ്ട്രാർ ഇക്കാര്യം ഇലക്ഷൻ രജിസ്ട്രാറെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഫെബ്രുവരി 27നാണ് വോട്ടർ പട്ടിക സംബന്ധിച്ച വിജ്ഞാപനമിറങ്ങിയതെന്ന് കോടതി പറഞ്ഞു. വിജ്ഞാപനമിറക്കാൻ വൈകിയതിന് കാരണം സർവകലാശാല വ്യക്തമാക്കിയിട്ടില്ല. ഇത് വി.സി അന്വേഷിക്കണം.
അതേസമയം, തെരഞ്ഞെടുപ്പ് നടത്തുന്നതിൽ വി.സി വീഴ്ച വരുത്തിയാൽ താൽക്കാലിക സിൻഡിക്കേറ്റ് രൂപവത്കരിക്കാൻ ചാൻസലർക്കുള്ള അധികാരം പ്രയോഗിക്കാൻ നിർദേശം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം അനുവദിച്ചില്ല. ആവശ്യം അപക്വമാണെന്ന് വിലയിരുത്തിയാണ് അനുവദിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.