കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ കരാർ, ദിവസ വേതനക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു. 2020 ഡിസംബറിലെ തീരുമാനവും ഉത്തരവുമാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീരുമാനത്തിന് മുമ്പുള്ള രീതിയിൽ തന്നെയാവും സർവിസിൽ തുടരുകയെന്നും കോടതി വ്യക്തമാക്കി.
സർവകലാശാല നീക്കം ചോദ്യംചെയ്ത് നൽകിയ ഹരജിയിൽ, നടപടി സ്റ്റേ ചെയ്യാത്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹരജി സിംഗിൾ ബെഞ്ച് പരിഗണിക്കണമെന്നും ഉടൻ തീർപ്പാക്കാൻ കക്ഷികൾക്ക് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവുണ്ടാകുംവരെയാണ് സ്റ്റേ നിലനിൽക്കുക. ഡിസംബർ 30 ലെ സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡ്രൈവർ തസ്തികകളിൽ ചില നിയമനങ്ങൾ നടത്തിയിരുന്നു. ഏറെയും ഭരണകക്ഷി അനുകൂലികളും ബന്ധുക്കളുമാണ്.
സർവകലാശാല അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചതിനെതിരെ മലപ്പുറം സ്വദേശി എം. പ്രശാന്ത് ഉൾപ്പെടെ നാലുപേരാണ് സിംഗിൾ ബെഞ്ചിനെയും പിന്നീട് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചത്. നിയമനാധികാരി സർക്കാറാണെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ സർവകലാശാലതന്നെ നിയമനം നടത്തുകയാണ്. മതിയായ യോഗ്യതയില്ലാത്തവരെയും നിയമിച്ചിട്ടുണ്ട്. ഇത് തുല്യ നീതിയുടെയും അവകാശത്തിെൻറയും നിഷേധമാണെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.