കൽപറ്റ: മലയോര ഗ്രാമങ്ങളിലെ കർഷകർ മാത്രമല്ല, നഗരങ്ങളിൽ പാർക്കുന്നവരും വന്യമൃഗശല്യത്തിനു മുന്നിൽ മനംമടുത്തുനിൽക്കുകയാണ്. ജീവൻ വരെ ആനയും കടുവയും തട്ടിയെടുക്കുന്നു. കൃഷി മൂച്ചൂടും നശിപ്പിക്കുന്നു. മൃഗങ്ങൾ കാട്ടിൽ ജീവിക്കണം. അതിനുള്ള സൗകര്യം ഒരുക്കേണ്ടത് വനം വകുപ്പാണ്. എന്നാൽ, വനപാലകർ പലപ്പോഴും കൈമലർത്തി നിൽക്കുന്നു. ജനരോഷം മുഴുവനും ഏറ്റുവാങ്ങുകയാണ് അവർ.
ഈ സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടികളോടും സ്ഥാനാർഥികളോടും കർഷകർക്ക് ഒന്നേ പറയാനുള്ളൂ. 'ഈ കുരങ്ങുകളെ, പന്നികെള ഒന്ന് തീർത്തുതരുമോ? വോട്ടു തരാം. എത്രകാലമായി ഇതു സഹിക്കുന്നു?' കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചോദ്യാവലി തയാറാക്കി സ്ഥാനാർഥികളെ കാത്തിരിക്കുകയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സർക്കാറിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ തുടങ്ങിയവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ കഴിയും. ഈ ആവശ്യം ഉന്നയിച്ച് ഗ്രാമപഞ്ചായത്തുകൾ പ്രമേയം പാസാക്കണമെന്നും വാസസ്ഥലങ്ങളിലെ വന്യജീവിശല്യം ഒന്നു തീർത്തുതരണമെന്നുമാണ് ആവശ്യം. വന്യജീവികളെ വനത്തിലാണ് വളർത്തേണ്ടത്. നാട്ടിലായാൽ സംഘർഷവും ഏറ്റുമുട്ടലും ഉണ്ടാകും.
കൽപറ്റ നഗരസഭ പരിധിയിലേക്ക് വരുക. കുരങ്ങുശല്യം നാൾക്കുനാൾ വർധിച്ചുവരുന്നു. വൈദ്യുതി ലൈൻ േപാലും പൊട്ടിക്കുന്നു. വീടുകളിലെത്തി ഭക്ഷണം നശിപ്പിക്കുന്നു. അടുക്കളത്തോട്ടങ്ങളും നാണ്യവിളകളും നശിപ്പിക്കുന്നു. പൈപ്പുകൾ തകർക്കുന്നു. അലക്കിയിടുന്ന വസ്ത്രങ്ങൾ കൊണ്ടുപോകുന്നു. ഉപദ്രവം തുടങ്ങിയിട്ട് നാളുകളായി. കോടതിയും ജില്ല ഭരണകൂടവും ഇടപെട്ടിട്ടും ഒരു ഫലവും ഇല്ല. കോടതി വളപ്പിലും കലക്ടറേറ്റ് കെട്ടിടത്തിലും കുരങ്ങുകളുടെ വിഹാരം തുടരുന്നു.
കുരങ്ങുശല്യത്തിന് പരിഹാരം ഉറപ്പുനൽകുന്ന സ്ഥാനാർഥിക്ക് വോട്ട് നൽകാം എന്നാണ് ഹരിതഗിരി റസിഡൻറ് അസോസിയേഷെൻറ വാഗ്ദാനം. പാർട്ടി പ്രശ്നമില്ല. ഇതുവരെ നഗരസഭ ഭരണസമിതികൾ കുരങ്ങുശല്യം തടയാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.