കൊച്ചി: ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്ക് സംവരണംചെയ്ത സംസ്ഥാന സർക്കാറിന്റെ ഉത്തരവുകൾ റദ്ദാക്കിയ ഹൈകോടതി വിധി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്ന് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് സുപ്രീംകോടതിയിൽ. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച സച്ചാർ, പാലോളി സമിതികളുടെ റിപ്പോർട്ട് പ്രകാരം മുസ്ലിം പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സാമ്പത്തിക സഹായം ദേശീയ ന്യൂനപക്ഷ പട്ടികയിലുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും അർഹമായതാണെന്ന് തെറ്റിദ്ധരിച്ചാണ് ഉത്തരവുണ്ടായതെന്ന് കൊച്ചി ആസ്ഥാനമായ സംഘടനയുടെ ചെയർമാൻ അഡ്വ. വി.കെ. ബീരാൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
സച്ചാർ, പാലോളി കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പൂർണമായും അവർക്കുമാത്രമായി 2008ൽ സംസ്ഥാന സർക്കാർ അനുവദിച്ച 5000 ദരിദ്ര പെൺകുട്ടികൾക്കുള്ള ധനസഹായം 12 കൊല്ലത്തിനുശേഷം ഒരു ഗുണഭോക്താവിനെപ്പോലും കേൾക്കാതെ റദ്ദാക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സ്കോളർഷിപ്പിനെതിരെ ഹൈകോടതിയിൽ ഹരജി വന്നയുടൻ ട്രസ്റ്റ് 2021 ജനുവരിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയെങ്കിലും നാലുമാസം കഴിഞ്ഞ് വിധി പറഞ്ഞ ദിവസമാണ് കക്ഷിചേരാൻ അനുവദിച്ചത്. കക്ഷിചേരാൻ അനുവദിച്ച ദിവസംതന്നെ വിധി പറഞ്ഞതുകൊണ്ട് ട്രസ്റ്റിന് വിശദമായ സത്യവാങ്ങ്മൂലം ഫയൽ ചെയ്യാനും വാദം പറയാനും സാധിച്ചില്ല. ഇക്കാരണംതന്നെ വിധി അസാധുവാക്കാൻ മതിയായതാണ്.
വിധി വന്നതിനുപിന്നാലെ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം പോലും തേടാതെ മുഖ്യമന്ത്രി നിയമവിരുദ്ധമായി സർവകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായി വിധി നടപ്പാക്കുകയാണുണ്ടായത്. വിധി സർക്കാർ നടപ്പാക്കിയ സാഹചര്യത്തിൽ പ്രത്യേകാനുമതി ഹരജി സുപ്രീംകോടതിക്ക് പരിഗണിക്കാൻ അധികാരമില്ലെന്ന ഹരജിക്കാരന്റെ വാദത്തിന് നിയമത്തിന്റെ പിൻബലമില്ല. വിധി നടപ്പാക്കിയത് അബദ്ധമായെന്ന് പിന്നീട് ബോധ്യമായതിനാലാണ് പിന്നീട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് പ്രത്യേകാനുമതി ഹരജി നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.