വോട്ടുതേടുന്നത് സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട ചിഹ്നങ്ങളിൽ തന്നെയായതിെൻറ ത്രില്ലടിച്ചിരിക്കുന്ന സ്ഥാനാർഥികളുണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ. സ്വതന്ത്രരായി മത്സരിക്കുന്ന ഇവർ അവരുടെ ജീവിതമാർഗമായ അടയാളങ്ങൾ അനുവദിച്ചുകിട്ടിയത് ഭാഗ്യമായി കരുതുന്നു. പരിചയപ്പെടുത്തലിെൻറ ആവശ്യമില്ലാതെ സ്വന്തം ചിഹ്നവുമായി എത്തി വോട്ടുതേടാനിവർക്കാവുന്നു എന്ന പ്രത്യേകതയുമുണ്ട്. അവരെ പരിചയപ്പെടാം
കോട്ടക്കൽ: പത്ത് വർഷത്തിലധികമായി നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് വാർഡ് അഞ്ചിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പരവക്കൽ മുസ്തഫ. പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഇരട്ടിമധുരമായി മുസ്തഫക്ക് ലഭിച്ച ചിഹ്നമാകട്ടെ ഓട്ടോയും. സ്വതന്ത്രരായി മത്സരിക്കുന്നവർക്ക് ഒരേചിഹ്നം മതിയെന്ന എൽ.ഡി.എഫ് നേതൃത്വത്തിെൻറ നിലപാടാണ് തുണയായത്.
ഇതോടെ പാലപ്പുറ വാർഡിൽ ഓട്ടോയിൽ വോട്ടഭ്യർഥിച്ചാണ് പ്രചാരണം. ഓട്ടോ തൊഴിലാളികളുടെ ഉന്നമനത്തിനുകൂടി ശ്രമിക്കുമെന്ന് മുസ്തഫ പറയുന്നു. 13 വർഷം മുമ്പ് പ്രവാസജീവിതം മതിയാക്കിയാണ് നാടണഞ്ഞത്. പിന്നീടാണ് ഓട്ടോക്കാരനായത്. ഹഫ്സത്താണ് ഭാര്യ. മുഹ്സിന, മുഹ്സിൻ, മുഹ്ലീഹ് എന്നിവർ മക്കളാണ്.
വളാഞ്ചേരി: നഗരസഭ 16 ആലിൻചുവട് വാർഡിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി കാമറ ചിഹ്നത്തിൽ ജനവിധി തേടുന്ന വി.ടി. നാസറിന് കാമറയാണ് ജീവിതം. 1989 മുതൽ ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് കാൽനൂറ്റാണ്ടിെൻറ പരിചയമുണ്ട്. ഫോട്ടോ നാസർ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നതുതന്നെ.
പൊതുപ്രവർത്തനത്തിൽ സജീവമായ നാസറിനിത് കന്നിയങ്കമാണ്. പലരും കാമറമാെൻറ ജോലി വിട്ടെങ്കിലും നാസർ ഇപ്പോഴും തുടരുന്നു. ഭാര്യയും മക്കളും സജീവമായി കൂടെയുണ്ട്. പൊതുപ്രവർത്തന പരിചയവും കാമറയും ഈ തെരഞ്ഞെടുപ്പിൽ ക്ലിക്കാവും എന്ന് ആത്മവിശ്വാസത്തിലാണ്.
തിരൂരങ്ങാടി: ഓട്ടോറിക്ഷ ചിഹ്നം ലഭിച്ച മറ്റൊരു ഓട്ടോ ഡ്രൈവർ കൂടിയുണ്ട്. ഇതുവരെ ഓട്ടം കാത്തിരുന്ന സ്ഥാനാർഥി ഇപ്പോൾ വോട്ട് കാത്തിരിക്കുകയാണ്.
തെന്നല ഗ്രാമപഞ്ചായത്ത് 15ാം വാർഡ് അപ്പിയത്ത് ജനകീയമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന തയ്യിൽ സുഹൈൽ മുത്തുവാണ് ഓട്ടോയിൽ കയറാൻ പറയുന്നതിനൊപ്പം ഓട്ടോറിക്ഷക്ക് വോട്ട് ചെയ്യാനും ആവശ്യപ്പെടുന്നത്. തെന്നല തറയിലാണ് 25കാരനായ സുഹൈൽ ഓട്ടോ ഓടിക്കുന്നത്. നിലവിൽ ജനകീയ മുന്നണിയാണ് വാർഡ് ഭരിക്കുന്നത്.
കരുവാരകുണ്ട്: വീടുകളിൽ കത്തുകളെത്തിച്ച് ഒടുവിൽ വീട്ടുകാരുടെ മനംകവരാൻ കത്തുപെട്ടി ചിഹ്നമാക്കി മാത്യൂസ്. കൽകുണ്ട് സബ് പോസ്റ്റ് ഓഫിസിലെ 32 വർഷമടക്കം 42 വർഷം പോസ്റ്റ്മാനായി സേവനംചെയ്ത കണങ്ങമ്പതിയിൽ മാത്യു വർഗീസ് എന്ന മാത്യൂസാണ് അങ്കത്തിനിറങ്ങിയത്. സ്വതന്ത്രവേഷമായതിനാൽ ആത്മബന്ധമുള്ള കത്തുപെട്ടി ചിഹ്നമായി തെരഞ്ഞെടുക്കുകയായിരുന്നു.
കൽകുണ്ടിലെ മുഖ്യധാരാ സ്ഥാനാർഥികളോടുള്ള വിയോജിപ്പുമൂലമാണ് മത്സരത്തിനിറങ്ങിയത്. വാർഡിലെ ഇടതുസ്ഥാനാർഥി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച വനിതയാണ്. കോൺഗ്രസ് സ്ഥാനാർഥിയാവട്ടെ, കഴിഞ്ഞ തവണ ഇടതുസ്ഥാനാർഥിക്കായി പ്രചാരണത്തിന് നേതൃത്വം നൽകിയയാളും.
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അച്ചാമ്മ ജോസഫിെൻറ സഞ്ചാരം എപ്പോഴും സ്കൂട്ടറിലാണ്. എൽ.ഐ.സി ഏജൻറുകൂടിയായ ഇവർ 25 വർഷമായി സ്വന്തം സ്കൂട്ടറിലാണ് സഞ്ചാരം. ഇത്തവണ ചിഹ്നമായി കിട്ടിയതും സ്കൂട്ടർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇവർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കൂടിയായിരുന്നു.
പെരുവമ്പാടം ഇത്തവണ ജനറൽ സീറ്റായെങ്കിലും വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. അച്ചാമ്മ ജോസഫ് എന്ന പേരിൽ മറ്റൊരു സ്വതന്ത്ര സ്ഥാനാർഥികൂടി വാർഡിലുണ്ട്. പേരിനൊപ്പം വീട്ടുപേരുകൂടി ചേർത്ത് അച്ചാമ്മ പാലാട്ട് എന്ന പേരിലാണ് മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.
മഞ്ചേരി: 25 വർഷമായി ഹോട്ടൽ രംഗത്തുള്ള പി.പി. അബ്ദുന്നാസർ കളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോൾ ചിഹ്നം തീരുമാനിക്കാൻ കൂടുതലായൊന്നും ആലോചിക്കേണ്ടിവന്നില്ല. വർഷങ്ങളായി കൂടെയുള്ള കപ്പും സോസറുംതന്നെ തെരഞ്ഞെടുത്തു.
നഗരസഭയിലെ 26ാം വാർഡായ പിലാക്കലിൽനിന്ന് എൽ.ഡി.എഫ് പിന്തുണയോടെയാണ് ഇദ്ദേഹം മത്സരിക്കുന്നത്. തൊഴിൽമേഖലയിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുതന്നെ ചിഹ്നമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സൗദിയിലെ മക്കയിലായിരുന്നു സ്ഥാപനം. നാട്ടിലെ 'ഇസ്തംബൂൾ' ഹോട്ടലിൽ തുർക്കി മന്തിയാണ് പ്രധാനവിഭവം. ആദ്യറൗണ്ട് പ്രചാരണം പൂർത്തിയാക്കി.
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ അഞ്ചാം വാർഡായ ചെരണിയിൽ മത്സരിക്കുന്ന ഇബ്രാഹീം പാലാൻതൊടി മഞ്ചേരി ശ്രീകൃഷ്ണ തിയറ്ററിന് സമീപമുള്ള മൊബൈൽ കടയുടെ ഉടമയാണ്. 18 വർഷമായി മൊബൈൽ സെയിൽസ് ആൻഡ് സർവിസ് രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയപ്പോൾ ചിഹ്നമായി മൊബൈൽ ഫോൺതന്നെ തെരഞ്ഞെടുത്തു. ഐ.എൻ.എൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. നഗരസഭയിലേക്കുള്ള കന്നിയങ്കമാണ്. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. മൊബൈൽ ആയതുകൊണ്ടുതന്നെ ചിഹ്നം പരിചയപ്പെടുത്തേണ്ടതില്ലെന്ന വിശ്വാസത്തിലാണ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.