തിരുവനന്തപുരം: 48 സീറ്റുള്ള ബസിൽ 25 വിദ്യാർഥികൾക്ക് മാത്രമായിരിക്കും കൺസഷനെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. അനിയന്ത്രിതമായി കൺസഷൻ കൊടുക്കാനാകില്ല. യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നിലവിലുള്ള യാത്രാ സൗജന്യം അതേപടി തുടരുകയാണെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
വിദ്യാർഥികൾക്ക് യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത കോർപറേഷൻ നിഷേധിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്ന അഞ്ചൽ-കൊട്ടിയം റൂട്ടിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കാൻ ഉത്തരവ് നൽകിയിരുന്നു. 40 മുതൽ 48 വരെ ഇരിപ്പിടമുള്ള ബസിൽ 25 കൺസഷൻ ആണ് വിദ്യാർഥികൾക്ക് കാലങ്ങളായി നൽകുന്നത്.
കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽ പോലും വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിക്കാൻ മിനിമം ഒരു ബസ് എങ്കിലും ഇതിനായി സർവിസ് നടത്തുന്നുണ്ട്.
ഇത്തരം റൂട്ടുകളിലെ മറ്റ് യാത്രക്കാരുടെ യാത്രാ സൗകര്യം കൂടി പരിഗണിക്കുന്നുണ്ട്. 25ൽ കൂടുതൽ വിദ്യാർഥികൾക്ക് സീറ്റ് അനുവദിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പോ ബന്ധപ്പെട്ട വകുപ്പുകളോ തുക അനുവദിക്കണം. അതിന് നിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് എത്ര ബസ് വേണമെങ്കിലും ഗ്രാമവണ്ടി / സ്റ്റുഡന്റ്സ് ബോണ്ട് മാതൃകയിൽ സർവിസ് നടത്താൻ തയാറാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇതിന് വിദ്യാഭ്യാസ വകുപ്പോ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മറ്റു വകുപ്പുകളോ സ്പോൺസർ ചെയ്യാൻ തയാറാകണം. പ്ലസ് ടു വരെ വിദ്യാർഥികൾക്ക് സൗജന്യ യാത്രയാണ് അനുവദിക്കുന്നത്.
സ്വകാര്യ ബസുകൾക്കൊപ്പം സർവിസ് നടത്തുന്ന മേഖലയിൽ സ്കൂൾ സമയത്ത് ഓടുന്ന മുഴുവൻ ട്രിപ്പിനും ആനുപാതികമായാണ് കൺസഷൻ അനുവദിക്കുന്നതെന്നും കോർപറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.