തിരുവനന്തപുരം: സംസ്ഥാനത്തെ ഫാന്‍സി നമ്പര്‍ ലേലചരിത്രത്തിലെ റെക്കോഡ് തുക തലസ്ഥാനത്ത്. പുതിയ വാഹന നമ്പര്‍ ശ്രേണിയിലെ ഒന്നാം നമ്പര്‍ കെ.എൽ. 01 സി.ബി 1 ലേലം ചെയ്തത് 19 ലക്ഷം രൂപക്ക്. തിരുവനന്തപുരത്തെ മരുന്നു മൊത്തവിതരണ സ്ഥാപനമായ ദേവിഫാര്മയുടെ ഉടമ കുറവന്‍കോണം മീനാക്ഷിമന്ദിരത്തില് കെ.എസ്. ബാലഗോപാലാണ് തെൻറ ടൊയോട്ട ലാന്ഡ്ക്രൂയിസറിന് വേണ്ടി നമ്പര്‍ സ്വന്തമാക്കിയത്. സി.ബി ഒന്നിലെ മറ്റു 25 ഫാന്‍സി നമ്പറുകളുടെ ലേലത്തിലായി 24,93,500 രൂപ ലഭിച്ചിട്ടുണ്ട്.
നാലുപേരാണ് ഒരു ലക്ഷം രൂപവീതം അടിസ്ഥാനവില അടച്ച് 1 ന് വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ ബൈക്കിന് വേണ്ടി നമ്പര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചയാൾ ആദ്യഘട്ടത്തില്‍ തന്നെ പിന്മാറി. ഹൈകോടതിയെ സമീപിച്ച് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ അബ്ദുൽ കരീം മൂന്നുലക്ഷം രൂപവരെ വിളിച്ചു. തുടര്‍ന്ന് സുഭകര് വാസുദേവനും കെ.എസ്. ബാലഗോപാലും തമ്മിലായിരുന്നു മത്സരം. 10,02,000 രൂപവരെ സുഭകര് വാസുദേവൻ വിളിച്ചു. 12 ലക്ഷമായി ഉയര്‍ത്തിയ ബാലഗോപാലിന് ലേലം ഉറപ്പിക്കാന്‍ ആർ.ടി.ഒ തയാറെടുക്കവേ വീണ്ടും തുക ഉയര്‍ത്താന്‍ ബാലഗോപാല്‍ അനുമതി തേടി. നേരത്തേ വാഗ്ദാനം ചെയ്തതിന് പുറമെ ആറുലക്ഷം രൂപ കൂട്ടി 18 ലക്ഷം രൂപക്ക് ലേലം ഉറപ്പിച്ചു. അടിസ്ഥാനവിലയായി ആദ്യമടച്ച ഒരു ലക്ഷം രൂപ കൂടി ചേര്‍ക്കുമ്പോള്‍ 19 ലക്ഷം രൂപ നമ്പറിന് വിലയാകും.
ഇടനിലക്കാരെ ഒഴിവാക്കാന്‍ കര്‍ശനവ്യവസ്ഥകളോടെയാണ് ഇത്തവണ ലേലം നടന്നത്. ലേലം പൂർണമായി ചിത്രീകരിച്ചിരുന്നു. ഒന്നിലധികം തവണ ലേലത്തില്‍ പങ്കെടുക്കുകയും നമ്പര്‍ എടുക്കാതിരിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കുകയെന്നതായിരുന്നു പ്രധാന നിര്‍ദേശം. കൂടാതെ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ പുറമെ ധാരണയിലെത്തി ലേലത്തുക കുറക്കുന്നത് ഒഴിവാക്കാനും നടപടിയുണ്ടായി. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സി.കെ. അശോകനെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തി. ആർ.ടി.ഒ ബി. മുരളീകൃഷ്ണൻ, എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ പി.എം. ഷാജി, അസിസ്റ്റൻറ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ. പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലേലനടപടികള്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.