കൊച്ചി: ഹൈകോടതി ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ പലരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ പ്രഥമ വിവര റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പൊലീസ് സമർപ്പിച്ചു. ജഡ്‌ജിമാർക്കെന്ന വ്യാജേന ഇയാൾ 2020 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ പണം വാങ്ങിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കക്ഷികളെയും എതിർകക്ഷികളെയും വഞ്ചിച്ച് അന്യായ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പണം വാങ്ങിയത്. എത്ര തുകയുടെ ഇടപാടുകളാണെന്നോ ആരുമായാണ് ഇടപാടുകള്‍ നടത്തിയതെന്നോ ഇതിലില്ല. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമനാണ് എഫ്.ഐ.ആറിലെ പരാതിക്കാരന്‍. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
സൈബി ജോസിനെതിരായ ആരോപണത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച യോഗം ചേരും. ആദ്യഘട്ടത്തിൽ ഇയാൾക്കെതിരെ ഹൈകോടതി വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയ നാല് അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തും. സൈബി ജോസിന്‍റെ മൊഴിയും രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഡോ. ദർവേഷ് സാഹിബിന്‍റെ മേൽനോട്ടത്തിൽ ആലപ്പുഴ യൂനിറ്റ് എസ്.പി കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.