കൂത്തുപറമ്പ്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷായാത്രക്കിടെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജന് നേരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.
തലശ്ശേരി സ്വദേശി സി. റാഷിദ് തലശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. വെള്ളിയാഴ്ച പാനൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് ജനരക്ഷായാത്ര കടന്നുപോകുന്നതിനിടയിലാണ് പി. ജയരാജനെതിരെ പ്രകോപന മുദ്രാവാക്യം മുഴക്കിയത്. എഴുതിത്തയാറാക്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ എന്ന് നേതൃത്വം അറിയിച്ചിരിക്കെ ഒരുവിഭാഗം പ്രവർത്തകർ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
ജനരക്ഷായാത്രയുടെ കൺവീനർകൂടിയായ ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരനാണ് മുദ്രാവാക്യത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുെവച്ചത്. വിഡിയോ പുറത്തുവന്ന ഉടൻതന്നെ സി.പി.എം ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ബി.ജെ.പിക്കെതിരെ ഉയർന്നുവന്നിട്ടുള്ളത്.
പരാതി സ്വീകരിച്ച ഡിവൈ.എസ്.പി അന്വേഷണത്തിന് കൂത്തുപറമ്പ് പൊലീസിന് കൈമാറുകയായിരുന്നു. മാർക്സിസ്റ്റ് അക്രമത്തിനെതിരെ ജനമനസ്സാക്ഷി ഉണർത്താൻ നടത്തിയ ജനരക്ഷായാത്ര ഇപ്പോൾ ബി.ജെ.പിക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.