ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽനിന്ന് പണം തട്ടൽ: മഹിള കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെ കേസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽനിന്ന് പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ല നേതാവ് ഹസീന മുനീറിന്‍റെ ഭർത്താവ് മുനീറിനെതിരെ കേസെടുത്തു. സംഭവം പുറത്തുവന്നതോടെ ആലുവ പൊലീസ് സ്ഥലത്തെത്തി പിതാവിൽനിന്ന് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു.

ബലാത്സംഗത്തിനിരയായി അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. വിവിധ സംഘടനകൾ പെൺകുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി സഹായം നൽകിയിരുന്നു. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത പെൺകുട്ടിയുടെ പിതാവിനെ സഹായിക്കാനെന്ന വ്യാജേനെ മുനീർ കബളിപ്പിക്കുകയായിരുന്നു.

പഴയ കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തെ, മകൾ കൊല്ലപ്പെട്ട ശേഷം എം.എൽ.എ മുൻകൈയെടുത്ത് വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഈ വീടിന് വാടക മുൻകൂറായി നൽകാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. ആഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ 20,000 രൂപ വീതം അക്കൗണ്ടിൽനിന്നും മുനീർ പിൻവലിച്ചു. എന്നാൽ, വീടിൻറെ വാടക നൽകിയത് എം.എൽ.എ ആയിരുന്നു.

പിന്നീടാണ് തങ്ങളെ ഇയാൾ കബളിപ്പിക്കുകയായിരുന്നെന്ന് കുടുംബത്തിന് മനസ്സിലായത്. പണം തിരികെ ആവശ്യപ്പെടുകയും ആലുവ എം.എൽ.എ അൻവർ സാദത്ത് ഇടപെട്ട് 70,000 രൂപ മുനീറിൽനിന്നും വാങ്ങി നൽകുകയും ചെയ്തു. ബാക്കി 50,000 തിരികെ ലഭിക്കാതായതോടെയാണ് പിതാവ് പരാതിയുമായി രംഗത്തുവന്നത്. മാധ്യമങ്ങളിൽ സംഭവം വാർത്തയായതോടെ മുനീർ കുടുംബത്തെ വിളിച്ച് ഇങ്ങനെയൊരു സംഭവം ഇല്ലെന്ന് പറയാൻ നിർബന്ധിക്കുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ, ബാക്കി തുകയും മുനീർ തിരിച്ചുനൽകി.

ഇതിനുപിന്നാലെയാണ് സംഭവം ശ്രദ്ധയിൽപെട്ട പൊലീസ് വീട്ടിലെത്തി മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്തത്.

കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിൽനിന്നും പണംതട്ടിയെടുത്തത് നീതികരിക്കാൻ പറ്റാത്ത കാര്യമാണെന്നും, പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ് മുനീർ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും അൻവർ സാദത്ത് എം.എൽ.എ പ്രതികരിച്ചു.

Tags:    
News Summary - case against husband of Mahila Congress leader for extorting money from the familyof Aluva murdered girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.