കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ കാരന്തൂർ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി എന്നിവരുൾപ്പെടെ 14 പേർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (എം.െഎ.ഇ.ടി) പ്രിൻസിപ്പൽ സായികുമാർ, അക്കാദമി ഡയറക്ടർ ഷബീബ്, ഒാേട്ടാമൊബൈൽ എൻജിനീയറിങ് വകുപ്പ് തലവൻ ഷമീർ, സിവിൽ എൻജിനീയറിങ് വകുപ്പ് തലവൻ ഷബീറലി, മർകസ് ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.ജി.എം ഉനൈസ് മുഹമ്മദ്, ഹസൻകുട്ടി, അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ്, െഎ.ടി.െഎ മാനേജർ മുഹമ്മദലി സഖാഫി വള്ളിയാട്, സുനിൽ തുടങ്ങിയവരാണ് കേസിൽപ്പെട്ട മറ്റുള്ളവർ.
മർകസുസ്സഖാഫതിസ്സുന്നിയ്യ, മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ടെക്നോളജി എന്നിവക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൂർവ വിദ്യാർഥി മലപ്പുറം പെരഗമണ്ണ എടപ്പറ്റ മുഹമ്മദ് നസീബ് ജില്ല പൊലീസ് മേധാവി ജെ. ജയനാഥിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബന്ധപ്പെട്ടവരെ വ്യാഴാഴ്ച കുന്ദമംഗലം പൊലീസ് ചോദ്യംചെയ്യുമെന്നാണ് വിവരം. പരാതിക്കാരനോട് രേഖകൾ സഹിതം സ്റ്റേഷനിലെത്താൻ നിർദേശിച്ചിട്ടുണ്ട്.
എം.െഎ.ഇ.ടിയിലെ കോഴ്സുകൾ എ.െഎ.സി.ടി.ഇ, എല്ലാ സംസ്ഥാനങ്ങളുടെയും പി.എസ്.സി, യു.പി.എസ്.സി, എം.എച്ച്.ആർ.ഡി, ടെക്നിക്കൽ എജുക്കേഷൻ ബോർഡ്, നോർക്ക എന്നിവ അംഗീകരിച്ചിട്ടുണ്ടെന്ന് സ്ഥാപനം ഇൻറർനെറ്റിലും പത്രത്തിലും പരസ്യം നൽകിയിരുന്നു. ഇതുകണ്ട് ചേർന്ന താൻ 2012 മുതൽ 2015 വരെ ഒാേട്ടാമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്നു. എന്നാൽ, കോഴ്സ് പൂർത്തിയാക്കി മഹീന്ദ്ര കമ്പനിയിൽ ജോലി ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് കോഴ്സിന് അംഗീകാരമില്ലെന്ന് വ്യക്തമായത് എന്ന് പരാതിയിൽ പറയുന്നു. ഒന്നര ലക്ഷത്തോളം രൂപയാണ് കോഴ്സിന് ഫീസ് ഇൗടാക്കിയത്.
തുടക്കത്തിൽതെന്ന ചിലർ സംശയം ഉന്നയിച്ചപ്പോൾ 2007-2008ലെ നോട്ടിഫിക്കേഷെൻറ പകർപ്പും മറ്റൊരു ഉത്തരവിെൻറ പകർപ്പും മാനേജ്മെൻറ് കാണിച്ച് കോഴ്സിന് അംഗീകാരമുണ്ടെന്ന് ഉറപ്പുനൽകുകയായിരുന്നുവെത്ര. 450 വിദ്യാർഥികൾ വഞ്ചിക്കപ്പെട്ടതായി നസീബ് പറയുന്നു. പിന്നീട് സ്ഥാപന മാനേജ്മെൻറുമായി വിദ്യാർഥികൾ പലതവണ ചർച്ച നടത്തി. തുടർന്നുണ്ടാക്കിയ കരാറിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.