കായംകുളം : നഗരസഭ കൗൺസിലിലെ കൈയ്യാങ്കളിയിൽ യു.ഡി.എഫ് കൗൺസിലർക്ക് എതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്. ജീവനക്കാർ സംയുക്തമായി പണിമുടക്കി പ്രതിഷേധിച്ചു. നഗരസഭ സെക്രട്ടറി ധീരജ് മാത്യുവിനെ അക്രമിച്ച കേസിൽ ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിന് എതിരെയാണ് കേസ് എടുത്തത്.
ഇദ്ദേഹം ഒളിവിലാണെന്നാണ് സൂചന. വ്യാഴാഴ്ച വൈകുന്നരമാണ് കൗൺസിൽ യോഗം കൈയാങ്കളിയിൽ കലാശിച്ചത്. സസ്യമാർക്കറ്റിലെ കടമുറി കൈമാറ്റമാണ് തർക്കത്തിന് കാരണമായത്. നിയമപരമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയം അടുത്ത കൗൺസിലിലേക്ക് മാറ്റാമെന്ന് സെക്രട്ടറി പറഞ്ഞെങ്കിലും അജണ്ട പാസായതായി ചെയർ പേഴ്സൺ അറിയിക്കുകയായിരുന്നു. വോട്ടിനിടണമെന്ന പതിപക്ഷ ആവശ്യവും നിരസിച്ചതോടെ ഇവർ ചേമ്പർ ഉപരോധിച്ചു.
ബഹളത്തിനിടെ മേശപ്പുറത്തുണ്ടായിരുന്ന പുസ്തകം തട്ടിയെറിഞ്ഞത് സെക്രട്ടറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. പരിക്കേറ്റ സെക്രട്ടറി ആശുപതിയിലാണ്. സംഭവത്തിൽ ജീവനക്കാരുടെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു. ഓഫീസ് അങ്കണത്തിൽ ചേർന്ന പ്രതിഷേധ യോഗം കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി വി. കൃഷ്ണകുമാർ, കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൽ. സലിം എന്നിവർ ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വനിതാ കമ്മറ്റി അംഗം യു. സാജിത, യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, അസോസിയേഷൻ ജില്ല പ്രസിഡന്റ് പദ്മനാഭപിള്ള എന്നിവർ സംസാരിച്ചു. ജീവനക്കാരെ നിരന്തരം ആക്രമിക്കുന്ന കൗൺസിലറെ അറസ്റ്റ് ചെയ്യുന്നത് വരെ ഓഫീസ് പ്രവർത്തനം തടസപ്പെടാതെ പ്രധിഷേധം തുടരുമെന്ന് ജീവനക്കാർ അറിയിച്ചു. അക്രമം കാണിക്കുന്ന കൗൺസിലർമാരെ ബഹിഷ്കരിക്കുന്നതിനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.