തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മാറ്റൽ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ കോടതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള കേസിൽ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉയർത്തിയില്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കേസിൽ ഇടപെടലുണ്ടാകുമെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരത്തിന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാക്കുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്ന 2014 ലെ സുപ്രീംകോടതിയുടെ പരാമർശവും നിരീക്ഷണവും ആൻറണി രാജുവിന് കുരുക്കായേക്കാം. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാകുന്നത് തടയണമെങ്കിൽ ജനപ്രാതിനിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നും പക്ഷേ, പ്രതികള്‍ മന്ത്രിമാരാകുന്നത് ധാർമികയുടെ പ്രശ്നമാണെന്നും മൂന്നംഗ ബെഞ്ച് 2018ലും നിരീക്ഷിച്ചിട്ടുണ്ട്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ നടപടിക്രമങ്ങൾ തുടക്കം മുതൽ ഇഴയുകയായിരുന്നു. 2006ലാണ് കുറ്റപത്രം സമർപ്പിച്ചത്. 16 വർഷത്തിനുശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ കോടതിയിൽ അവതരിപ്പിക്കുകയെന്നത് ഏറെ ശ്രമകരമാകും.
29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. മറ്റുള്ളവരെല്ലാം 60 വയസ്സിന് മേൽ പ്രായമുള്ളവരാണെന്നതും കേസിൽ മറ്റൊരു വെല്ലുവിളിയാണ്.
അതിനാൽ വർഷങ്ങളുടെ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ കൃത്യമായി അവതരിപ്പിക്കാൻ പ്രോസിക്യൂഷന് നന്നായി വിയർക്കേണ്ടിവരും. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.