'എന്തിനു കൊല്ലുന്നു സി.പി.എമ്മേ' പോസ്റ്റ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടൂർ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. ആഗസ്റ്റ് 16ന് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് ഷാജഹാൻ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്.

മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലി കൊടുക്കുന്നു എന്നും മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ പോസ്റ്റിൽ ചോദിച്ചിരുന്നു. മുസ്‌ലിംകളായ സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിലാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊല്ലത്തെ ഇടത് അനുഭാവികളുടെ സമൂഹ മാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

ആഗസ്ത് 16ന് രാഹുൽ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:

'കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹഖ്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി..... എത്ര മുസ്‍ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. സി.പി.എം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും അന്വേഷണവും ആരോപണവും സി.പി.എമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു. നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ, അതും മുസ്‍ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം. നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും ഷുക്കൂറിനെയും നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്‍ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സി.പി.എമ്മെ?'

Tags:    
News Summary - Case against Rahul Mamkootathil for riot incitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.