കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്ത് ഹൈകോടതി

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണൽ ജില്ലാ ജഡ്‌ജി എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈകോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. ജഡ്ജിയുടെ മോശം പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചതായും കമ്മിറ്റി വിലയിരുത്തി.

കോഴിക്കോട് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി. കോടതി വളപ്പിനുള്ളിൽ നടന്ന സംഭവത്തെ വളരെ ഗൗരവത്തോടുകൂടിയാണ് കമ്മിറ്റി സമീപിച്ചത്.

അതേസമയം ജില്ലാ ജഡ്‌ജി ജീവനക്കാരിയെയും ജില്ലാ അഡിഷണൽ ജഡ്‌ജി ശുഹൈബിനേയും ചേമ്പറിലേക്ക് വിളിച്ചുവരുത്തി പരാതി ഇല്ലെന്ന് ജീവനക്കാരിയെക്കൊണ്ട് പറയിപ്പിച്ചിരുന്നു.

തുടർന്ന് അഡിഷണൽ ജില്ലാ ജഡ്‌ജി എം ശുഹൈബിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ കോടതിയിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ജില്ലാ അഡിഷണൽ ജഡ്‌ജി ശുഹൈബ് ജീവനക്കാരിയോട് വാക്കാൽ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - A court employee was misbehaved; Kozhikode Additional District Judge suspended by High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.