കോട്ടയം: മന്ത്രി തോമസ് ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി, ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിലേക്ക് നിലംനികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്. ആലപ്പുഴ വലിയകുളം മുതൽ സീറോ ജെട്ടിവരെ അനധികൃതമായി റോഡ് നിർമിച്ചെന്നുകാട്ടി എൽ.ഡി.എഫ് ഘടകകക്ഷിയായ ജനതാദൾ എസിെൻറ ആലപ്പുഴ ജില്ല സെക്രട്ടറി അഡ്വ. സുഭാഷ് തീക്കാടനാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
മന്ത്രി തോമസ് ചാണ്ടി, 2010-11 കാലത്തെ ആലപ്പുഴ ജില്ല കലക്ടർ, ആര്യാട് ബി.ഡി.ഒ, വാട്ടർവേൾഡ് ടൂറിസം കമ്പനി ചെയർമാൻ തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. റിസോർട്ടിലേക്ക് റോഡ് നിർമിക്കാൻ ഭൂമി കൈയേറിയെന്നും നിലം അനധികൃതമായി നികത്തിയെന്നും നിര്‍മാണത്തിന് എം.പിമാരുടെ ഫണ്ടില്‍നിന്ന് 30 ലക്ഷവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് 35 ലക്ഷം രൂപയും ചെലവഴിച്ചെന്നും ഇതിലൂടെ 65 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നുമാണ് പരാതിക്കാരൻ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, അന്വേഷണത്തെ എതിർക്കുന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്. ഇത് തള്ളിയാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിനു നിർദേശം നൽകിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ആറുപേരുടെ പരാതികൾ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുണ്ട്. ഇതിൽ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം തേടിയിരിക്കുകയാണ്. ഇതു ലഭിച്ചശേഷം തീരുമാനമെടുക്കാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. പ്രദേശവാസികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് റോഡ് നിർമിച്ചതെന്നും നിലവിലുണ്ടായിരുന്ന ബണ്ട് മണ്ണിട്ട് ഉയർത്തുകയാണ് ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ വെറും പത്തുകുടുംബങ്ങൾക്കു മാത്രമാണ് ഇതിെൻറ പ്രയോജനം കിട്ടിയതെന്ന് പരാതിക്കാരൻ പറഞ്ഞു. കലക്ടറുടെ ഇടക്കാല റിപ്പോർട്ടിെൻറ പകർപ്പും സമർപ്പിച്ചു. തുടർന്ന് കലക്ടറുടെ റിപ്പോർട്ടിൽ ക്രമക്കേടിെൻറ സൂചനകളുണ്ടെന്ന് നിരീക്ഷിച്ച ജഡ്ജി വി. ദിലീപ് ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശിച്ചു. ഡിസംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ഏത് അന്വേഷണത്തിനും തയാറാണെന്ന് മന്ത്രിയുടെ ഒാഫിസ് പ്രതികരിച്ചു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായില്ല. ഭൂമി കൈയേറിയിട്ടില്ലെന്നും വഴിയിൽ മണ്ണിട്ടുനികത്തുക മാത്രമാണ് ചെയ്തതെന്നുമാണ് മന്ത്രി തോമസ് ചാണ്ടിയുെട നിലപാട്.
രാജി സമ്മർദം മുറുകുന്നു
തിരുവനന്തപുരം: േകാട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചത് മന്ത്രി തോമസ് ചാണ്ടിയെയും സർക്കാറിനെയും ഒരുപോലെ വെട്ടിലാക്കി. ഇതോടെ തോമസ് ചാണ്ടിക്ക് മേൽ രാജിസമ്മർദം ഏറി. സാഹചര്യം അതീവ ഗൗരവമാണെന്ന വിലയിരുത്തലിലാണ് ഇടതുനേതൃത്വവും. തിങ്കളാഴ്ച ചേരുന്ന സി.പി.എം സെക്രേട്ടറിയറ്റ് യോഗം അതിനാൽ നിർണായകമാണ്. അതിനിടെ തോമസ് ചാണ്ടി വിഷയത്തിൽ എൽ.ഡി.എഫ് ഘടകകക്ഷികൾ തമ്മിലെ തർക്കവും രൂക്ഷമായി. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട സി.പി.െഎ ദേശീയ സെക്രട്ടറിയുടെ നടപടിയെ വിമർശിച്ച് എൻ.സി.പി ദേശീയനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസും തോമസ് ചാണ്ടി വിഷയം ഗൗരവതരമാണെന്ന നിലപാടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.