ഒറ്റപ്പാലം: താലൂക്ക് അശുപത്രിയിൽ നേരിൽ ഹാജരായിട്ടും അർബുദ രോഗിക്കുള്ള സാക്ഷ്യപത്രം ലഭിക്കാത്ത സാഹചര്യത്തിൽ ഇടപെട്ട വനിത കൗൺസിലർക്കെതിരെ കേസെടുക്കുന്നതിന് പരാതി നൽകിയ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് അർബുദ ബാധിതയായ വയോധികയുടെ പരാതി.
പാലപ്പുറം സ്വദേശിനിയായ 67കാരിയാണ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവിഭാഗം ഡയറക്ടർ (തിരുവനന്തപുരം), ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്. ഒന്നരവർഷമായി കാൻസർ രോഗത്തിന് ചികിത്സയിലുള്ള തനിക്ക് പെൻഷൻ ആവശ്യത്തിന് സമർപ്പിക്കുന്നതിന് സാക്ഷ്യപത്രം അനുവദിക്കാനായി മുഴുവൻ രേഖകളുമായി 18, 19 തീയതികളിൽ കാൻസർ യൂനിറ്റിന്റെ ചുമതലകൂടി വഹിക്കുന്ന ഡോ. രാധയെ സമീപിച്ചെങ്കിലും സാങ്കേതികകാരണങ്ങൾ പറഞ്ഞ് സാക്ഷ്യപത്രം നൽകിയില്ല. തുടർന്നാണ് വാർഡ് കൗൺസിലറും ആശ പ്രവർത്തകയുമായ സി. പ്രസീതയെ സമീപിച്ചത്. താലൂക്ക് ആശുപത്രിയിൽ നിന്നുള്ള കീമോ ചെയ്യുന്നത് ഉൾെപ്പടെയുള്ള രേഖകളുമായി രണ്ട് പെൺമക്കളെയും കൂട്ടി കൗൺസിലർ ഡോ. രാധയെ സമീപിച്ചെങ്കിലും രോഗിയെ നേരിൽകാണാതെ സാക്ഷ്യപത്രം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഡോക്ടർ ഉറച്ച് നിൽക്കുകയായിരുന്നു. ശ്വാസതടസ്സം നേരിടുന്നതിനാലാണ് മക്കളെ കൂട്ടി വന്നതെന്ന് അറിയിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു.
തുടർന്ന് കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ദിവസങ്ങൾക്ക് ശേഷം സൂപ്രണ്ട് ഇൻചാർജ് പൊലീസിൽ പരാതി നൽകുകയും ജാമ്യമില്ല വകുപ്പ് ചുമത്തി കൗൺസിലർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഡോക്ടറെ സമീപിച്ച കൗൺസിലർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചനെതിരെ അന്വേഷണം വേണമെന്നും വയോധിക പരാതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ‘ആരോഗ്യ സേവന ദാതാക്കളും സ്ഥാപനങ്ങളും നിയമം’ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കൗൺസിലർക്കെതിരെ പൊലീസ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കൗൺസിലർ നൽകിയ പരാതി സബ് കലക്ടർക്ക് അന്വേഷിക്കുന്നതിനിടയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം അറസ്റ്റുൾപ്പടെയുള്ള തുടർനടപടികൾ ഉടൻ വേണ്ടന്ന നിലപാടിലാണ് പൊലീസ്. കൗൺസിലർക്കെതിരെ തെളിവുകളുണ്ടെങ്കിൽ മാത്രം നടപടികളിലേക്ക് കടന്നാൽ മതിയെന്ന നിയമോപദേശമാണ് ലഭിച്ചതെന്ന് അറിയുന്നു. കൂടാതെ സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് ഡോക്ടർ കൗൺസിലർക്കെതിരെ പരാതിയും നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.