ശ്രീകണ്ഠപുരം: പ്രതീക്ഷയോടെ കാത്തിരുന്നിട്ടും സീസൺ വന്നപ്പോൾ ഇത്തവണയും ദുരിതമൊഴിയാതെ കശുവണ്ടി കർഷകർ. ഉൽപാദനക്കുറവും വിലത്തകർച്ചയും ബാധിച്ചതാണ് കശുവണ്ടി മേഖലയേയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുൻ വർഷത്തേക്കാൾ ഉൽപാദനം നന്നേ കുറവാണ് ഇതുവരെയുള്ള അവസ്ഥ. കഴിഞ്ഞ വർഷം ഈ സമയത്ത് ലഭിച്ചിരുന്ന വില പോലും ഇത്തവണ ലഭിക്കുന്നുമില്ല. കാലങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടും കശുവണ്ടി-കശുമാങ്ങ സംഭരണവും നടന്നില്ല. ഇതോടെ കർഷക സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീണത്. കശുവണ്ടി സംഭരണം നടക്കാത്തതിനാൽ സീസൺ തുടക്കത്തിലേ മെച്ചപ്പെട്ട വില കർഷകർക്ക് ലഭിച്ചതുമില്ല. മാങ്ങാ സംഭരണമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് കർഷകർ കരുതി. എന്നാൽ അതുമുണ്ടായില്ല.
മുൻ കാലങ്ങളിൽ കശുവണ്ടിക്ക് കിലോ ഗ്രാമിന് 150 രൂപ വരെ തുടക്കത്തിൽ കിട്ടിയിരുന്നു. ഇത്തവണ 101-02 രൂപയാണ് കിലോഗ്രാമിന് കശുവണ്ടി സീസൺ തുടക്കത്തിൽ കർഷകർക്ക് ലഭിക്കുന്നത്. 110 രൂപ ഒരാഴ്ച മുമ്പ് ഉണ്ടായിരുന്നതാണ് 107ലേക്കും പിന്നീട് 101ലേക്കും എത്തിയത്. 100 ഗ്രാം കശുവണ്ടി പരിപ്പ് കടയിൽ നിന്ന് വാങ്ങുമ്പോൾ 90-110 രൂപ കുറഞ്ഞത് നൽകണം. അപ്പോഴാണ് വിൽക്കുന്ന കർഷകന് നാമമാത്ര തുക മാത്രം കിലോക്ക് ലഭിക്കുന്നത്. തോട്ടം കാടുവെട്ടിത്തെളിച്ച ചെലവും ദിവസവും കശുവണ്ടി ശേഖരിക്കുവാനുള്ള കൂലിയുംപോലും കർഷകർക്ക് ലഭിക്കുന്നില്ല.
സംഭരണം നടക്കാത്തത് മുതലെടുത്ത് ഇനിയും വിലയിടിക്കാൻ ചില കച്ചവട ലോബികൾ നീക്കം നടത്തുന്നുണ്ട്. കോവിഡ് കാലത്തുണ്ടായ തകർച്ചയിൽനിന്ന് കശുവണ്ടി കർഷകർക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സ്ഥിതി. അന്ന് കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ ഒടുവിൽ സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്ക് കശുവണ്ടി ശേഖരിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് കശുവണ്ടി-കശുമാങ്ങാ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ല വിലനൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും എല്ലാം ജലരേഖയാവുകയായിരുന്നു.
കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടി നൽകുവാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽനിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ മറ്റ് വിവിധ ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം. ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ എക്സൈസ് വകുപ്പ് അനുമതി വൈകിപ്പിക്കുകയാണുണ്ടായത്.
കണ്ണൂർ ജില്ലയിൽ പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ തടസ്സങ്ങൾ നീങ്ങിയതായും വൈകാതെ ഫെനി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പയ്യാവൂർ ബാങ്ക് പ്രസിഡന്റ് ടി.എം ജോഷി ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. സാമ്പത്തിക ലാഭവും കിട്ടില്ല. സർക്കാർ സംഭരണം വന്നാൽ കർഷകർക്ക് ഇരട്ടി ഗുണം ലഭിക്കും. കശുവണ്ടിക്കും മാങ്ങക്കും വില കിട്ടുന്ന സ്ഥിതി വന്നാൽ കശുവണ്ടി കർഷകരുടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.