ഇരിങ്ങാലക്കുട: ജാതി വിവേചനത്തിന് ഇരയായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം പ്രവൃത്തി രാജിവെച്ച ആര്യനാട് സ്വദേശി ബാലുവിനു പിന്നാലെ ദേവസ്വം ഭരണസമിതിക്കും തന്ത്രിമാർക്കും പുതിയ ‘വെല്ലുവിളി’. ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിൽ ഒന്നാം റാങ്കോടെയാണ് ബാലു ജോലിയിൽ പ്രവേശിച്ചത്. ബാലുവിന്‍റെ രാജി അംഗീകരിച്ചാൽ റാങ്ക് പട്ടികയിൽനിന്ന് അടുത്തയാളെ നിയമിക്കണം. ഈഴവ ഉദ്യോഗാര്‍ഥിക്കാണ് അടുത്ത അവസരം. വീണ്ടും കഴകം പ്രവൃത്തിക്ക് ഈഴവന്‍ നിയമിതനായാല്‍ ബാലുവിനെ ‘അവഹേളച്ചോടിച്ച’ തന്ത്രിമാരുടെയും വാരിയര്‍ സമുദായത്തിന്‍റെയും നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം മേയ് എട്ടിന് കൊടിയേറാനിരിക്കുകയാണ്.
ഫെബ്രുവരി 24നാണ് ബാലു കഴകം തസ്തികയിൽ ജോലിയില്‍ പ്രവേശിച്ചത്. പാരമ്പര്യ അവകാശികളെ മാറ്റിയുള്ള നിയമനത്തിനെതിരെ വാരിയർ സമാജവും അതിന് പിന്തുണയുമായി തന്ത്രിമാരും രംഗത്തുവരുകയും ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മുടങ്ങുമെന്ന സാഹചര്യം വന്നു. ഇതോടെ സമ്മർദത്തിലായ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ബാലുവിനെ ‘വര്‍ക്കിങ് അറേഞ്ച്മെന്റ്’ എന്ന പേരിൽ ഓഫിസ് അറ്റൻഡർ തസ്തികയിലേക്കു മാറ്റി. ഇതോടെയാണ് ബാലു അവധിയില്‍ പോയത്.
സംഭവം വിവാദമായതോടെ ക്ഷേത്രത്തിനു മുന്നില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളടക്കം സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. വ്യാപക വിമർശനമുയർന്നതോടെ സര്‍ക്കാര്‍ ദേവസ്വത്തിനോട് വിശദീകരണം തേടി. ഇതോടെ ബാലു അവധി കഴിഞ്ഞെത്തിയാൽ കഴകം പ്രവൃത്തിയില്‍തന്നെ നിയമിക്കുമെന്ന് ദേവസ്വത്തിന് പറയേണ്ടിവന്നു. ഓഫിസ് ജോലിയിൽ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കിയെങ്കിലും നിയമാനുസൃതമല്ലാത്തതിനാൽ അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം മറുപടി നൽകി.
ഇതിനിടെ അവധി നീട്ടിയ ബാലു ചൊവ്വാഴ്ചയാണ് ബന്ധുക്കൾക്കൊപ്പം ദേവസ്വത്തില്‍ എത്തി രാജി നൽകിയത്. ജോലിയില്‍ തുടരുമെന്നാണ് മാധ്യമ പ്രവർത്തകരോട് പറഞ്ഞതെങ്കിലും ശാരീരിക പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി രാജിവെക്കുന്നതായി കാട്ടി അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി പോവുകയായിരുന്നു. ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കൂടല്‍മാണിക്യം ദേവസ്വം അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.