കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തിൽനിന്ന് തൽപരകക്ഷികൾ പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ജീവൻ വെടിഞ്ഞ സാഹചര്യം വേദനാജനകമാണ്. അതിന് കാരണക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കോളജ് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണവിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
കോളജിനെതിരെ നിരന്തരം നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും സംഘടിത സ്വഭാവമുള്ളതും അതിൽ ഗൂഢാലോചനയുള്ളതും വ്യക്തമാണ്. സർവകലാശാല നിയമമനുസരിച്ച് കോളജ് ക്ലാസിൽ മൊബൈൽ ഫോൺ അനുവദനീയമല്ല. ലാബ് ക്ലാസിനിടയിൽ വിദ്യാർഥിനി ഉപയോഗിച്ച മൊബൈൽ ഫോൺ അധികൃതർ വാങ്ങിവെച്ച് വീട്ടിൽ വിവരമറിയിച്ചിരുന്നു. അതിനെ വളച്ചൊടിച്ച് കോളജ് അധികൃതരെ മോശക്കാരാക്കാനുള്ള ശ്രമം പുറത്തുനിന്നുള്ള തൽപരകക്ഷികളുടെ നേതൃത്വത്തിൽ നടത്തുകയാണ്. അധ്യാപകരെ തടഞ്ഞുവെച്ചും ഉപദ്രവിച്ചും സ്ഥാപനങ്ങൾക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങൾ ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല.
സമാന സംഭവങ്ങളിൽ ചിലർ കാണിക്കുന്ന താൽപര്യക്കുറവും ഈ വിഷയത്തിലുള്ള അമിത താൽപര്യവും ചർച്ചചെയ്യപ്പെടേണ്ടതാണ്. ക്രൈസ്തവ സ്ഥാപനങ്ങളോട് ഒരു നിലപാടും മറ്റുള്ളവരുടേതിനോട് മറ്റൊരു നിലപാടും കണ്ടുവരുന്നത് പ്രതിഷേധകരമാണ്. മരണത്തിന്‍റെ യഥാർഥ കാരണം പുറത്തുവരുന്നതുവരെ വിധ്വംസക പ്രവർത്തനങ്ങളിൽനിന്ന് പിന്മാറി കോളജിൽ സമാധാനം നിലനിർത്താൻ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്‍റ് ജോമി ഡൊമിനിക് കൊച്ചുപറമ്പിൽ, പാലാ രൂപത പ്രസിഡന്‍റ് ഇമ്മാനുവൽ നിധീരി, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, കോട്ടയം അതിരൂപത പ്രതിനിധി തോമസ് പീടികയിൽ, കാഞ്ഞിരപ്പള്ളി രൂപത പ്രതിനിധി സണ്ണിക്കുട്ടി അഴകംപ്രായിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.