കോഴഞ്ചേരി: മംഗളൂരുവിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന രോഹിത്ത് (21) ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ അന്വേഷണം സി.ബി.ഐയിലേക്ക് നീങ്ങുമ്പോൾ മകന് നീതി ലഭിക്കാൻ നിരന്തരം പോരാടിയ ഒരു അച്ഛനും അമ്മയും കോഴഞ്ചേരി കുഴിക്കാല മേപ്പുറത്ത് വീട്ടിലുണ്ട്. അഡ്വ. എം.എസ്. രാധാകൃഷ്ണനും ശ്രീദേവിയും. ഇവരുടെ ഏക മകനായിരുന്നു രോഹിത്ത്.
മംഗളൂരു എം.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നാലാം വർഷ വിദ്യാർഥിയായിരുന്ന രോഹിത്തിനെ 2014 മാർച്ചിലാണ് പനമ്പൂർ തണ്ണീർബാവി ബീച്ചിന് സമീപം തല വേർപെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടപ്പോൾ തന്നെ അപകടമരണമല്ലെന്ന് ഉറപ്പായിരുന്നു. മൃതദേഹത്തിൽ ഇടത് തോളിന്റെ താഴ്ഭാഗം അടർന്നു പോയിരുന്നു.
വലതുഭാഗത്ത് കാലിൽ മുറിവും നിലത്തിഴച്ച് വലിച്ചതിന്റെ പാടുകളുമുണ്ടായി. അപകടമല്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ കേൾക്കാൻ തയാറായില്ലെന്ന് രാധാകൃഷ്ണൻ പറയുന്നു. രോഹിത്ത് പഠിക്കാനായി ചേർന്ന ആദ്യവർഷം തന്നെ അധ്യാപകൻ കൂടിയായ ഹോസ്റ്റൽ വാർഡൻ മർദിച്ചവശനാക്കിയിരുന്നു. അന്ന് നില ഗുരുതരമാണെന്ന് പറഞ്ഞ് രോഹിത്തിന്റെ കൂട്ടുകാർ അറിയിച്ചതനുസരിച്ച് അവിടെത്തിയപ്പോൾ ശരീരത്തിന് ക്ഷതമേറ്റിരുന്നു. അന്ന് മാനേജറിനോടൊക്കെ സംസാരിച്ച് പ്രശ്നമുണ്ടാവില്ലെന്ന ഉറപ്പിലാണ് മടങ്ങിയത്.
കോളജോ രോഹിത്തിന്റെ കൂട്ടുകാരോ മരണത്തിനുശേഷം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പരീക്ഷക്ക് ഇന്റേണൽ മാർക്ക് നൽകാതെയും രോഹിത്തിനെ അധ്യാപകൻ ഉപദ്രവിച്ചിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിന് മരിച്ച രോഹിത്തിനെതിരെ കേസുമെടുത്തിരുന്നു.
നിലവിൽ ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിൽ അപാകതയുണ്ടെന്ന് വിലയിരുത്തി ഉത്തരവിട്ടത്. ബംഗളൂരു സി.ഐ.ഡി ഒരു ലക്ഷം രൂപ രാധാകൃഷ്ണന് പിഴയായി നൽകാനും കോടതി വിധിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ വിവരങ്ങൾ കർണാടക ഹൈകോടതിക്ക് നൽകുകയും വേണം.
കർണാടക പൊലീസിന് നൽകിയ പരാതിയിൽ തീർപ്പില്ലാതെ വന്നപ്പോഴാണ് കേസ് സി.ഐ.ഡിക്ക് കൈമാറുന്നത്. പിന്നെയും നീതി ലഭിക്കില്ലെന്നായപ്പോൾ കോടതിയെ സമീപിക്കുകയായിരുന്നു. മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണനും ശ്രീദേവിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.