തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്ന് സി.ബി.ഐ കോടതിയിൽ. ജസ്നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തള്ളി. വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്ന ഗർഭിണി ആയിരുന്നില്ലെന്നും നിപുൽ ശങ്കർ കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതിയാണ് സി.ബി.ഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. സി.ബി.ഐ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നില്ലെന്ന് ജസ്നയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും മൊഴിയെടുത്തിരുന്നതായി നിപുൽ ശങ്കർ വ്യക്തമാക്കി.
ജസ്ന തിരോധാന കേസിൽ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം കോടതി ഏപ്രിൽ 23ന് പ്രഖ്യാപിക്കും. കേസിൽ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാർഥിനിയായിരുന്ന ജസ്നയെ കാണാതായത്. കാണാതാകുമ്പോൾ 20 വയസായിരുന്നു ജസ്നയുടെ പ്രായം. ലോക്കൽ പൊലീസും സ്പെഷ്യൽ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.