നിലമ്പൂർ: പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്‍റണി എന്നിവർ അബൂദബിയിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തു.
കേസ് സെപ്റ്റംബർ 23ന് ഹൈകോടതി സി.ബി.ഐക്ക് വിട്ടിരുന്നു. കേസ് ഫയലുകൾ വ‍്യാഴാഴ്ച മലപ്പുറം ജില്ല പൊലീസ് മേധാവിയിൽനിന്ന് ഏറ്റുവാങ്ങും. കേസന്വേഷിച്ചിരുന്ന നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം ഫയലുകൾ ജില്ല പൊലീസ് മേധാവിക്ക് കൈമാറി.
ഈ കേസിലെ പ്രധാനപ്രതി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷറഫ് ഉൾെപ്പടെ ഏഴുപേർ മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട ഹാരിസിന്‍റെ ഭാര‍്യയും ഭാര്യപിതാവുമുൾെപ്പടെ 11പേരാണ് കേസിൽ പ്രതികൾ. നാലുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.
നാട്ടുവൈദ‍്യൻ ഷാബ ശരീഫിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദാണ് ഹാരിസിനെയും യുവതിയെയും കൊന്നതാണെന്ന് വിളിച്ചുപറഞ്ഞത്. ഹാരിസിന്‍റെ ബിസിനസ് പങ്കാളിയായ ഷൈബിൻ അഷറഫിന്‍റെ നിർദേശപ്രകാരമാണ് കൊലയെന്നും പറഞ്ഞിരുന്നു.
ഹാരിസ്, ഡെൻസി ആന്‍റണി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. അവശിഷ്ടഭാഗങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.