വയനാട് ദുരന്തപശ്ചാത്തലത്തിൽ ഉപേക്ഷിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നാലാംപതിപ്പ് വീണ്ടും തിരിച്ചെത്തുന്നു. ഏറെനാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനമാണ് വള്ളംകളി മേഖലക്ക് കരുത്തുപകരുന്നത്. ഇതോടെ, നെഹ്റുട്രോഫിയിൽ മാത്രം മത്സരിച്ച മടങ്ങേണ്ടിയിരുന്ന വിവിധ ചുണ്ടൻവള്ളങ്ങളുടെ പ്രഫഷനൽ കായിക ടീമുകൾ സി.ബി.എല്ലിനായി കളത്തിലിറങ്ങും. നെഹ്റു ട്രോഫിയിൽ വേഗരാജാക്കന്മാരായ ആദ്യ ടീമുകളാണ് ലീഗിൽ ഇടംനേടുക. അഞ്ചു ജില്ലകളിലായ 12 മത്സരങ്ങളാണുള്ളത്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ക്ലബ് കപ്പടിക്കും. സമയം നീണ്ടുപോയതിനാൽ ആറ് മത്സരങ്ങളായി ചുരുക്കി നടത്താനും ആലോചനയുണ്ട്.
നെഹ്റു ട്രോഫിക്കൊപ്പം കൂടെകൂട്ടേണ്ട മത്സരങ്ങൾ നടത്താൻ ടൂറിസം വകുപ്പ് വേണ്ടത്ര ചർച്ചയും മുന്നൊരുക്കവും നടത്താറില്ല. ഇതിനൊപ്പം 2023ൽ വിജയിച്ചെത്തിയ ടീമുകൾ കളിക്കാതെ പിന്മാറിയതും തിരിച്ചടിയായി. അതിൽ പ്രധാനം പൊലീസ് ടീമിന്റെ പിരിച്ചുവിടലാണ്. മത്സരിച്ച എല്ലാ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കുകയും പ്രഥമ സി.ബി.എൽ മുതൽ മൂന്നാംസ്ഥാനവും സ്വന്തമാക്കിയ ടീമാണിത്. ആറുമാസത്തോളം നൂറിലേറെ പൊലീസുകാർ ഒരേസമയം പരിശീലനത്തിനും മത്സരത്തിനുമായി മാറിനിൽക്കുന്നത് ആൾക്ഷാമത്തിന് കാരണമെന്ന് വിലയിരുത്തിയാണ് തീരുമാനം. മികച്ച ട്രാക്ക് റെക്കോർഡുള്ള എൻ.സി.ഡി.സിയും വേമ്പനാട് ബോട്ട്ക്ലബും ഇക്കുറി മത്സരത്തിൽനിന്ന് മാറിനിൽക്കുകയാണ്. ക്ലബുകളിലെ പടണപ്പിണക്കവും സാമ്പത്തിക ബാധ്യതയുമാണ് പ്രശ്നം.
കടബാധ്യതയിലും കഷ്ടപ്പാടിലും കുപ്പുകുത്തിയ വള്ളംകളി മേഖലയുടെ സംരക്ഷണത്തിനും ‘തലവര’ മാറ്റാനും വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ 2019ലാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം. തുഴയെറിഞ്ഞ് പണം വാരമെന്ന ചിന്തയും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് പരമ്പരാഗത വള്ളംകളിയുടെ രൂപവും ഭാവവും മാറിയത്. തോർത്തും മുണ്ടുമെല്ലാം മാറ്റി തുഴച്ചിലുകാരുടെ മുഖ്യവേഷം ജഴ്സിയായി.
പ്രഫഷണലിസത്തേക്കുള്ള ആദ്യചുവടുവെപ്പ് കൂടിയായിരുന്നു ഇത്. ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരക്കാൻ മികച്ച പരിശീലകരുടെ നേതൃത്വത്തിൽ തുഴച്ചിലുകാർക്ക് ശാസ്ത്രീയപരിശീലനവും സാധ്യമാക്കി. മൂന്നാംപതിപ്പ് സി.ബി.എൽ വരെ വലിയകുഴപ്പങ്ങളില്ലാതെ നടന്നു. എന്നിട്ടും വള്ളംകളിയെ നെഞ്ചോട് ചേർത്തുനിർത്തുന്ന തരത്തിലേക്ക് പ്രഫഷനൽ മികവിലേക്ക് ഉയർന്നില്ല. ഇക്കുറി സി.ബി.എൽ ലക്ഷ്യമിട്ട് വൻതുക മുടക്കുകയും പ്രഫഷനൽ കായികതാരങ്ങളെ അണിനിരത്തി പരിശീലനം ആദ്യഘട്ടം പൂർത്തിയാക്കിയപ്പോഴാണ് വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ മത്സരം ഉപേക്ഷിച്ചത്. കടബാധ്യതയിൽനിന്ന് രക്ഷതേടാൻ സി.ബി.എൽ വേണമെന്ന ചർച്ചകളും പ്രതിഷേധവും സജീവമായതോടെ വീണ്ടും സർക്കാർ പ്രതിരോധത്തിലായി. ഇതിനൊപ്പം ഓണക്കാലത്തെ പ്രാദേശിക വള്ളംകളി കൂടിയെത്തിയതോടെ ക്ലബുകൾ തമ്മിലുള്ള മത്സരത്തിന് വീറും വാശിയും കൂടി. തുഴച്ചിലുകാരായ 4000ത്തോളം പേരുടെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ജലോത്സവം.
ചാമ്പ്യൻസ് ബോട്ട് ലീഗ് മെച്ചപ്പെടാൻ പുതുവഴികൾ തേടണം. കൂടുതൽ ഇടങ്ങളിൽ കളിയാരവം ഉയർത്തി വള്ളംകളി മേഖലയിൽനിന്ന് പുത്തൻ താരോദയങ്ങളും ക്ലബുകളും രൂപപെടുത്തുന്ന രീതിയിലേക്ക് മാറണം. ക്രിക്കറ്റിൽ ഐ.പി.എല്ലും ഫുട്ബാളിൽ ഐ.എസ്.എല്ലും തീർത്ത ജനകീയതയുടെ പിന്നിൽ കൃത്യമായ ആസൂത്രണവും പ്രഫഷനലിസവുമുണ്ട്. സി.ബി.എല്ലിന് ഇല്ലാതെപോയതും അതാണ്. വള്ളംകളിയെ പ്രഫഷനൽ മികവോടെ നിലനിർത്താനായിട്ടില്ല. ആലപ്പുഴയിലെ നെഹ്റുട്രോഫിയിൽ തുടങ്ങി കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന സി.ബി.എൽ മത്സരങ്ങളിലൂടെ വള്ളംകളിക്ക് ഹൈപ്പ് കൂട്ടാൻ കഴിയുന്ന തരത്തിലേക്ക് മാർക്കറ്റിങ്ങും കൃത്യമായ കലണ്ടറുമില്ല.
അഞ്ചുദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ വിരസതയിൽ നിന്നാണ് ഏകദിനത്തിന്റെ പിറവി. ഒരുദിവസം മുഴുവൻ ടി.വിക്ക് മുന്നിലിരുന്നാണ് പഴയതലമുറ സമയം തള്ളിനീക്കിയത്. സമയത്തോട് ഏറ്റുമുട്ടുന്ന പുതുതലമുറക്ക് ആസ്വാദമൊരുക്കാൻ സമയംവെട്ടിച്ചുരുക്കിയാണ് ട്വന്റി 20 ക്രിക്കറ്റ് അവതരിപ്പിച്ചത്. അത് വൻഹിറ്റായി. പിന്നാലെ സിനിമതാരങ്ങളും ക്രിക്കറ്റ് താരങ്ങളുംഓരോടീമിനെ സ്വന്തമാക്കി ഐ.പി.എൽ ക്രിക്കറ്റ് മാമാങ്കവും പൊടിപൊടിച്ചു. ഇതിന് ചുവടുപിച്ച് വിവിധ ക്ലബുകളുടെ ഫ്രാഞ്ചൈസികൾ ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കി പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരവും അരങ്ങുതകർത്തു.
ഇന്ത്യൻ ഫുട്ബാൾ തകർച്ചയിലേക്ക് കുപ്പുകുത്തിയപ്പോഴാണ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) എന്ന ആശയംമുന്നോട്ടുവെച്ചത്. അത് തീർത്ത ഓളം ചെറുതല്ല. നാട്ടിലെ താരങ്ങൾക്ക് ലോകോത്തര പ്രഫഷനൽതാരങ്ങൾക്കൊപ്പം തിളങ്ങാനുള്ള അവസരമാണ് ഒരുക്കിയത്. പണത്തിനും പ്രശസ്തിക്കുമപ്പുറം പുതിയതാരങ്ങളെ സൃഷ്ടിക്കാൻ ഐ.എസ്.എല്ലിനായി. ഇതേമാതൃകയിൽ തുഴച്ചിലുകാരെ ലേലത്തിലൂടെ കണ്ടെത്തി സജീവമാകുന്ന കാലം വിദൂരമല്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.