കോഴിക്കോട്: കോവിഡ് കാലത്ത് നിർമാണമേഖല സ്തംഭിച്ചിരിക്കെ സിമൻറ് വില ചാക്കിന് അഞ്ഞൂറിൽ എത്തി. കമ്പിക്ക് കിലോക്ക് 80-85 ആയി. ഒന്നാം ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും പിന്നിട്ട് നിർമാണമേഖല പതുക്കെ സജീവമായപ്പോൾ സിമൻറിന് ചാക്കിന് 50 മുതൽ 70 രൂപ വരെ വർധിച്ചിരുന്നു. അതും കടന്നാണ് ഇപ്പോൾ അഞ്ഞൂറിലെത്തിയത്. കഴിഞ്ഞ വർഷം 340 മുതൽ 370 രൂപവരെയായിരുന്നു സിമൻറ് വില. ഇൗ വർഷം ജനുവരിയിലാണ് കുത്തനെ കൂടാൻ തുടങ്ങിയത്. ചരിത്രത്തിലില്ലാത്ത വിലക്കയറ്റമാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ വർഷം 50 രൂപയുണ്ടായിരുന്ന കമ്പിക്ക് 70 ആയത് ഈ വർഷാരംഭത്തിലാണ്. ഇപ്പോഴത് 85 ആയി. വില 100 വരെയെത്തുമെന്നാണ് സൂചന. എ.സി.സി, അൾട്രാടെക്, അരാംകോ തുടങ്ങി എല്ലാ സിമൻറ് ബ്രാൻഡുകൾക്കും വില കൂടി. ഇതിനനുസരിച്ച് സർക്കാർ ഉടമസ്ഥതയുള്ള മലബാർ സിമൻറിനും വില കൂട്ടുകയാണ്. വിലക്കയറ്റത്തിൽ പ്രതിഷേധിക്കാൻ ആരുമില്ലാത്ത സാഹചര്യവും സർക്കാറിെൻറ ശ്രദ്ധ ഇൗ മേഖലയിലേക്ക് തിരിയാത്തതും കമ്പനികൾക്ക് സുവർണാവസരമായി. സർക്കാറിന് 28 ശതമാനം ജി.എസ്.ടി ഇനത്തിൽ വരുമാനമുണ്ട് എന്നതിനാൽ ഇതിൽ ഇടപെടാൻ താൽപര്യവുമില്ല. കേരളത്തിൽ സിമൻറ് വിലനിർണയ അതോറിറ്റി വേണമെന്ന ആവശ്യം വീണ്ടും ശക്തമായി.
അയൽ സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ 100- 120 രൂപ വരെ കുറവുണ്ട് സിമൻറിന്. നിലവിൽ കമ്പിക്കും സിമൻറിനും വില കുത്തനെ കൂട്ടേണ്ട ഒരു സാഹചര്യവും ഇല്ല. കോവിഡ് നിയന്ത്രണവും േലാക്ഡൗണും കാരണം പ്രവൃത്തികൾ സ്തംഭിച്ച സാഹചര്യമാണ്. ഉൽപാദനത്തിൽ വലിയ കുറവില്ല. ലോക്ഡൗണിൽ നിയന്ത്രണങ്ങളോടെ നിർമാണപ്രവൃത്തികൾക്ക് അനുമതിയുണ്ട്. വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ആ പ്രവൃത്തികൾ നിർത്തിവെക്കേണ്ട സാഹചര്യമാണ് കേരളത്തിൽ. കേരളത്തിൽ കാര്യമായ സിമൻറ് ഉദ്പാദനമില്ലാത്തതാണ് കമ്പനികളുടെ കൊള്ളക്കിരയാവാൻ കാരണം. ആകെയുളള മലബാർ സിമൻറിന് നാല് ശതമാനം ഓഹരിയേ സർക്കാറിനുള്ളൂ. മലബാറിനാണെങ്കിൽ ഉൽപാദനം കുറവുമാണ്. 420- 430 ആണ് മലബാർ സിമൻറിെൻറ വില.
ലോക്ഡൗണും കോവിഡും കാരണമുണ്ടായ ലാഭക്കുറവ് നികത്താനാണ് വില കൂട്ടുന്നത് എന്ന ആരോപണമുണ്ട്. ചെറുകിട നിർമാണങ്ങളെയാണ് വിലക്കയറ്റം ഗുരുതരമായി ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.