ദുരന്ത ബാധിതരെ കേന്ദ്രം അപമാനിച്ചു; കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ച്​ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്​ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്​ അപമാനിച്ചെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈയില്‍ ഉണ്ടായ ഉരുൾപൊട്ടലിന്​ കാരണം ഭരണസംവിധാനത്തിന്‍റെ ഒത്താശയോടെയുള്ള അനധികൃത ഭൂമി കൈയേറ്റവും ഖനനവുമാണെന്നാന്ന്​ കേന്ദ്രമന്ത്രി പറഞ്ഞത്​. ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാര്‍? ദുരന്തത്തില്‍ മണ്ണടിഞ്ഞ എസ്റ്റേറ്റിലെതൊഴിലാളികളോ? ചെറിയ തുണ്ടുഭൂമിയില്‍ ജീവിച്ച സാധാരണ മനുഷ്യരോ? -മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലുമുണ്ടെങ്കിൽ അങ്ങനെ പറയുമായിരുന്നില്ല. മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചില്‍ ഒതുക്കുന്ന പ്രചാരണങ്ങള്‍ക്ക് കേന്ദ്ര മന്ത്രി തയറാകുന്നത് ഔചിത്യമല്ല. അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയതെന്നാണ് കേന്ദ്രമന്ത്രിയുടെ മറ്റൊരു വിചിത്രവാദം. അവിടെ ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റര്‍ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ആദ്യം എല്ലാ സഹായവും വാഗ്ദാനം ചെയ്തവർ പിന്നീട്​ ആ നിലപാടിൽനിന്ന്​ മാറുന്നതായാണ്​ കാണുന്നത്​.

വയനാട് ദുരന്തത്തില്‍ കേരളത്തിനെതിരെ എഴുതാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നെന്നാണ്​ വാർത്ത. പ്രസ് ഇൻഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് കേരള സര്‍ക്കാറിനെതിരെ ശാസ്ത്രജ്ഞർ ഉള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ശ്രമം നടക്കുന്നത്​. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോള്‍ വാര്‍ത്തകള്‍ ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പണം കൊടുത്തുള്ള ലേഖനമെഴുത്ത്​ എന്നത്​ അവർതന്നെ ആലോചിക്കേണ്ടതാണ്. കേന്ദ്രമന്ത്രി പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികള്‍ക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കുറി ഓണാഘോഷമില്ല

തിരുവനന്തപുരം: വയനാട്​ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷം സർക്കാർ തലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ ഉണ്ടാകാനിടയി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ്​ തിരുമാനമെടുക്കുക. ഇപ്പോഴത്തെ സാഹചര്യം വിപുലമായ ആഘോഷ പരിപാടികൾക്കുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Tags:    
News Summary - Center govt humiliated wayanad landslide disaster victims says CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.