തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ്.എന്‍ ട്രെയിനിങ് കോളജ് മാനേജരായ വെള്ളാപ്പളളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹരജിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, നാലാഴ്ചക്കകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവ്. യൂനിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ ജഡ്ജി ജോസ് എന്‍. സിറിലിന്റേതാണ് ഉത്തരവ്.
എസ്.എന്‍ ട്രെയിനിങ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.ആര്‍. പ്രവീണ്‍ ആണ് ഹരജിക്കാരന്‍. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് വിധി സമ്പാദിച്ചെങ്കിലും തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയാറായില്ല.
കോടതി ഉത്തരവ് നിലനില്‍ക്കെതന്നെ പ്രവീണിനെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. വീണ്ടും പ്രവീണ്‍ കോടതിയെ സമീപിച്ച് നല്‍കിയ ഹരജിയിലാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചു എന്നതിനപ്പുറം കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയാറായില്ലെന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. വെങ്ങാനൂര്‍ ജി. ശിവശങ്കരന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.