കണ്ണൂർ: സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുക്കുന്ന നിലവിലെ സാഹചര്യത്തിൽ സമാന ചിന്താഗതിക്കാരായ പാർട്ടികൾ യോജിച്ച് ഐക്യമുന്നണി രൂപവത്കരിക്കേണ്ടത് പ്രധാനമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള 'കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ നിലനിൽപും സാമൂഹിക നീതിയും സമത്വവും മതനിരപേക്ഷതയും ഉറപ്പാക്കാൻ സമാന ചിന്താഗതിയുള്ള പാർട്ടികൾ ഒന്നിച്ചേ മതിയാകൂ. തമിഴ്‌നാട്ടിൽ മതേതരശക്തികൾ ഒരു മുന്നണിയായി. അത് നമ്മുടെ വിജയത്തിന്‍റെ അടിത്തറയായി. ഐക്യമാണ് ശക്തി. ഇന്ത്യയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം.
ഡൽഹിയിലെ ഭരണാധികാരികൾ സംസ്ഥാനങ്ങളെ കീഴ്പ്പെടുത്തുന്നതിൽ സന്തോഷിക്കുന്നു. നമ്മൾ അവരുടെ മുന്നിൽ ഇഴയണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. കേന്ദ്രം ഭരണഘടന ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ അതിക്രമിച്ചുകയറുകയാണ്. ഇതിനെതിരെ പോരാടാനും ചെറുക്കാനും ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപവത്കരിക്കണം.
തുടർന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വേറെ ഉണ്ടാകണം. കോടതികളിലൂടെയും പൊതുയിടങ്ങളിലൂടെയും നമ്മൾ പ്രതിരോധിക്കണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന് ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇത് സാധ്യമാക്കാൻ രാഷ്ട്രീയത്തിന്‍റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് നമ്മൾ ഒരുമിക്കണം.
ഗവർണറുടെ ഓഫിസ് വഴി സംസ്ഥാന ഭരണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. തമിഴ്‌നാട് നിയമസഭ രണ്ടുതവണ പാസാക്കിയ നീറ്റ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കേന്ദ്രം നിയമിക്കുന്ന ഗവർണറുടെ അധികാരം എട്ടു കോടി ജനങ്ങളുടെ ഇഷ്ടത്തെ മറികടക്കുമോ? കേന്ദ്രം ഇപ്പോൾ ചെയ്യുന്നത് ബ്രിട്ടീഷുകാർ പോലും ചെയ്തിട്ടില്ല. പ്രാദേശികതയുടെയും പ്രവിശ്യകളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് 1919ലെ ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ടിൽപോലും പറയുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് മതിയായ അധികാരം ലഭിക്കാത്ത സ്വാതന്ത്ര്യം ശരിയായ മോചനമല്ലെന്ന് മഹാത്മാഗാന്ധിയും ഭഗത് സിങ്ങും പറഞ്ഞിട്ടുണ്ട്.
ബി.ജെ.പി അധികാരത്തിലെത്തിയതോടെ ധനപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന ജി.എസ്.ടി നടപ്പാക്കി. നികുതിവരുമാനം അവർ തട്ടിയെടുത്തു. നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെങ്കിലും തരുന്നില്ല. ഇതുവരെ 21,000 കോടി രൂപ തമിഴ്‌നാടിന് ലഭിക്കാനുണ്ട്. സംസ്ഥാനങ്ങൾക്ക് ഈ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായിരുന്ന ആസൂത്രണ കമീഷൻ ഇല്ലാതാക്കി.
ദക്ഷിണേന്ത്യയിലെ റെയിൽവേ പദ്ധതികൾക്കുള്ള തുച്ഛമായ ഫണ്ട് വിവേചനത്തിന്‍റെ മറ്റൊരുദാഹരണമാണ്. അത്തരം ചർച്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ റെയിൽവേ ബജറ്റ് തന്നെ നിർത്തലാക്കി. പാർലമെന്‍റിൽ പോലും സംവാദങ്ങളൊന്നുമില്ല. ഉന്നയിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരങ്ങളില്ല. നമ്മുടെ ഗ്രാമങ്ങളിലെ സഹകരണ സംഘങ്ങളെപ്പോലും നിയന്ത്രിക്കാനുള്ള അധികാരദാഹമാണ് കേന്ദ്രത്തിനുള്ളതെന്നും സ്റ്റാലിൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.