കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച

നടത്തുന്നു

പയ്യോളിയിൽ ഉയരപ്പാതക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളി നഗരം ഇനി രണ്ടായിമുറിയില്ല. ടൗണിലെ റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് പകരം തൂണുകളിൽ ഉയരപ്പാത (എലിവേറ്റഡ് ഹൈവെ ) നിർമിക്കുമെന്ന് പി.ടി. ഉഷ എം.പിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി.

കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിന്റെ നേതൃത്വത്തിൽ സർവകക്ഷിസംഘം എം.പിക്ക് വിഷയം സംബന്ധിച്ച് നിവേദനം കൈമാറിയിരുന്നു. കൂടാതെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയും എം.പിക്ക് നിവേദനം നൽകിയിരുന്നു.

ടൗൺ ഉൾപ്പെടുന്ന 21ാം വാർഡ് സഭയും അപ്രോച്ച്റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് പകരം തൂണുകളിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് പ്രമേയം പാസാക്കിയിരുന്നു. വിഷയം സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ' മാധ്യമം' വാർത്ത നൽകിയിരുന്നു.

നിലവിലെ അലൈൻമെന്റ് പ്രകാരം ബീച്ച് റോഡും പേരാമ്പ്ര റോഡും സംഗമിക്കുന്ന ജങ്ഷനിൽ മാത്രമാണ് റോഡ് തൂണുകളിൽ ഉയർത്തുവാൻ ഉദ്ദേശിച്ചിരുന്നത്. ബാക്കി പാതയുടെ വടക്ക് ഭാഗത്ത് രണ്ടാം ഗേറ്റിന് സമീപത്ത് മുതൽ തെക്ക് ക്രിസ്ത്യൻ പള്ളി വരെ മണ്ണിട്ട് ഉയർത്താനുള്ള പദ്ധതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

ഇത് പയ്യോളിയുടെ വികസന സാധ്യതകളെ സാരമായി ബാധിക്കുന്നതോടൊപ്പം ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുക. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വേഗത്തിൽ സർവകക്ഷിസംഘത്തിന്റെയും, 'എക്സ്പ്രസ്' വേഗത്തിൽ ഒളിമ്പ്യൻ പി.ടി.ഉഷ എം.പിയുടെയും ഇടപെടലിനെ തുടർന്ന് ഉയരപ്പാതക്ക് കേന്ദ്രമന്ത്രിയിൽനിന്ന് ഉറപ്പ് നേടിയെടുത്തതിൽ പയ്യോളിക്കാർ ഏറെ ആഹ്ലാദത്തിലാണ്. 

Tags:    
News Summary - Center shows green flag for flyover at Paiyoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.