തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്താൻ വേണ്ട നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചു. ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്തണമെന്നും അവിടേക്കുള്ള റോഡിെൻറ അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശിച്ച് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി സഞ്ജയ് അശ്വതിയാണ് നവംബർ എട്ടിന് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത്.
അതിനിടെ കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയ ശേഷമാണ് മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കുന്നതിന് അനുമതി നൽകിയതെന്ന് തെളിഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന താൽപര്യം ബലികഴിച്ചുവെന്ന് വ്യക്തമാക്കുന്നതാണ്, തമിഴ്നാട് മുറിക്കണമെന്നാവശ്യപ്പെട്ട മരങ്ങൾ നിൽക്കുന്ന പ്രദേശം ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥസംഘം പരിശോധിെച്ചന്ന വിവരം.
2021 ജൂൺ 11നാണ് തമിഴ്നാട് മരാമത്ത് വകുപ്പിലെയും സംസ്ഥാന വനംവകുപ്പിലെയും ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തിയത്. 2015ലാണ് 23 മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി തമിഴ്നാട് അപേക്ഷ സമർപ്പിച്ചത്. ജൂണിലെ പരിശോധനയിലാണ് 15 മരങ്ങൾ മാത്രം മുറിച്ചാൽ മതിയെന്ന് തീരുമാനിച്ചത്. തുടർന്ന് ഒക്ടോബർ 30ന് പെരിയാർ കടുവ സേങ്കതം ഇൗസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ, മരങ്ങൾ മുറിക്കാൻ തടസ്സമില്ലെന്നറിയിച്ചു. പിന്നാലെ നവംബർ ഒന്നിന് ജല വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിങ്, മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസ് എന്നിവരുൾപ്പെടെ ഉന്നതതലയോഗം ചേർന്ന് അനുമതി നൽകി.
തമിഴ്നാട് കമ്പം ജല വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് മരം മുറിക്കാൻ അനുമതി നൽകിയത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നന്ദി അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. താനോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്ന് പറഞ്ഞ് തടിയൂരാനായിരുന്നു വനം മന്ത്രിയുടെ ശ്രമം. എന്നാൽ കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്തയോഗ ശേഷമാണ് നടപടിയെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയും ഒാഫിസും പ്രതിരോധത്തിലാണ്. ബേബിഡാം ശക്തിപ്പെടുത്താൻ നടപടി ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചതോടെ മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ച സംസ്ഥാനം വെട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.