കൊച്ചി: എണ്ണവിലയിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിറ്ററിന് 29 രൂപക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോൾ ആണ് 90 രൂപക്ക് വില്‍ക്കുന്നത്. 200 ശതമാനം നികുതി ഇന്ധനത്തിന് ചുമത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ 11 തവണയാണ് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. 200 ശതമാനത്തിലേറെയാണ് കേന്ദ്രവും കേരളവും കൂടി നികുതി വർധിപ്പിച്ചത്. അധിക നികുതി വരുമാനം സംസ്ഥാന സർക്കാർ വേണ്ടെന്ന് വെച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റാങ്ക് ഹോൾഡർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്നത്. അവർ സർക്കാറിനെ അട്ടിമറിക്കാൻ നിൽക്കുന്നവരല്ല. രണ്ട് മാസം മാത്രമുള്ള സർക്കാറിനെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അട്ടിമറിച്ചോളും. എല്ലാത്തിനെയും രാഷ്ട്രീയ കണ്ണോടെ സർക്കാർ കാണരുത്. വസ്തുതാപരമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. സമരങ്ങളോട് നരേന്ദ്ര മോദി സ്വീകരിക്കുന്ന സമീപനം പിണറായി വിജയൻ കാണിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിൽ സമര രോഗികളില്ല. ജീവിതമാർഗം മുട്ടിയ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ സമര രംഗത്തിറങ്ങിയത്. ഉദ്യോഗാർഥികളെ മന്ത്രിമാർ നിരന്തരം ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. കോൺഗ്രസും യൂത്ത് കോൺഗ്രസുകാരുമാണെന്ന് അധിക്ഷേപിക്കുന്നു. സമരം ചെയ്യുന്നവരോട് സംസാരിക്കാത്ത നിലപാട് ജനാധിപത്യത്തിൽ അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ആയിരക്കണക്കിന് താൽകാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം. ഇത് തൊഴിൽ രഹിതരായ ചെറുപ്പക്കാരോടും റാങ്ക് പട്ടികയിലുള്ളവരോടും ഉള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍റെ കാലത്ത് നിയമിച്ചവരെയാണ് രാഷ്ട്രീയ പരിഗണനവെച്ച് ഇപ്പോൾ സ്ഥിരപ്പെടുത്തുന്നത്. വരും ദിവസങ്ങളിലുള്ള മന്ത്രിസഭായോഗങ്ങളിൽ സ്ഥിരപ്പെടുത്തൽ നടപടിയുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പുതിയ തസ്തിക സൃഷ്ടിച്ച ഇതുവരെ നിയമനം നടക്കാത്ത റാങ്ക് പട്ടികയിൽ നിന്ന് ആളുകളെ നിയമിക്കണം. അല്ലാത്ത പക്ഷം റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം. ഉമ്മൻചാണ്ടി സർക്കാർ ഇത്തരത്തിൽ മാതൃകാപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കൊച്ചി: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്നും എൽ.ഡി.എഫ് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധിക നികുതി വരുമാനം വേണ്ടെന്നുവെച്ച് പെട്രോൾ വില കുറക്കാൻ സർക്കാർ തയാറാകണമെന്നും ഐശ്വര്യകേരള യാത്രയുമായി കൊച്ചിയിലെത്തിയ ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുമായി സർക്കാർ ചർച്ച നടത്തണം. അവരുടെ ആവശ്യങ്ങൾ ന്യായമാണ്. അവർ സർക്കാറിനെ അട്ടിമറിക്കാൻ നിൽക്കുന്നവരല്ല. സർക്കാറിനെ തെരഞ്ഞെടുപ്പിൽ ജനം അട്ടിമറിച്ചുകൊള്ളും. സമരങ്ങളോട് നരേന്ദ്ര മോദിയുടെ സമീപനമല്ല പിണറായി വിജയൻ സ്വീകരിക്കേണ്ടത്. അനധികൃത നിയമനം നടത്തുന്ന വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടിയെടുക്കണം. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയടക്കം ഉന്നതരുടെയും ഓഫിസുകളിൽ സ്വകാര്യ ഏജൻസികൾ വഴി താൽക്കാലികമായി നിയമിച്ചവരെ പിരിച്ചുവിടണം. കേരള ബാങ്കിന് റിസർവ് ബാങ്ക് അനുവാദം കൊടുത്തിട്ടില്ല. നിയമപരമായ ഒരു അനുമതിയുമില്ലാതെയാണ് പ്രവർത്തനമെന്നും ചെന്നിത്തല വ്യക്തമാക്കി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.