തിരുവനന്തപുരം: ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കൂടി സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടും ഗുണഭോക്താക്കൾക്ക് ലഭിക്കാത്തതിനുപിന്നിൽ കേന്ദ്ര സംവിധാനത്തിലെ സാങ്കേതിക പ്രശ്നം. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 6.8 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിതമുള്ളത്. ഇതിൽ 1,94,000 പേർക്കാണ് ഇപ്പോൾ വിഹിതം എത്താതിരുന്നത്.
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാറിന്റെ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന നെറ്റ്വർക്ക് വഴി ആക്കണമെന്നാണ് കേന്ദ്ര നിർദേശം. 2023 ഏപ്രിൽ മുതൽ കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. കേന്ദ്ര സർക്കാർ വിഹിതം നൽകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഈ തുക മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. ഇപ്പോൾ വിതരണം പൂർത്തിയാക്കിയ ഒരു ഗഡു പെൻഷനും ഇതേ രീതിയിൽ കേന്ദ്ര വിഹിതം സംസ്ഥാന ഫണ്ടിൽനിന്ന് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, പി.എഫ്.എം.എസ് വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച തുകയിൽ ഒരു ഭാഗം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയില്ല.
പ്രശ്നം ധന വകുപ്പിന്റെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കേന്ദ്ര സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണ്. അടുത്ത ദിവസംതന്നെ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചത്. അഞ്ചിനം സാമൂഹിക സുരക്ഷാ പെന്‍ഷനുകളില്‍, വാർധക്യകാല പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന് എന്നീ മൂന്നിനങ്ങള്‍ക്ക് യഥാക്രമം 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.3 ലക്ഷം പേര്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ തുകയും നല്‍കുന്നത്. തുടർന്ന് റീ-ഇംബേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതാണ് രീതി. ഇത്തരത്തില്‍ 2021 ജനുവരി മുതല്‍ സംസ്ഥാനം നല്കിയ കേന്ദ്ര വിഹിതം കുടിശ്ശികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.