കൊച്ചി: മത്സ്യബന്ധന മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ ഓരോ വർഷവും കോടികളുടെ കുറവ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് കേന്ദ്ര വിഹിതം ഗണ്യമായി വെട്ടിക്കുറച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് നൽകിവന്ന ഫണ്ടിൽ മാത്രം ഇക്കാലയളവിലുണ്ടായത് വൻ കുറവാണ്. 2017-18 കാലയളവിൽ 142.46 കോടി രൂപ അടങ്കൽ തുകയായി ഒമ്പത് പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇതിൽ 56.89 കോടിയാണ് കേന്ദ്ര വിഹിതം ആവശ്യമായുള്ളത്. എന്നാൽ, 11.5 കോടിക്കുള്ള പദ്ധതി രേഖ തയാറാക്കി പുനഃസമർപ്പിക്കാനായിരുന്നു കേന്ദ്രനിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സമർപ്പിച്ചപ്പോൾ 6.86 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകുകയും 6.17 കോടി അനുവദിക്കുകയും ചെയ്തു.
2016-17 സാമ്പത്തിക വർഷം 12.98 കോടിക്കുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 2016-17 വർഷത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ നീല വിപ്ലവം എന്ന പദ്ധതിയുടെ കീഴിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുപ്രകാരം മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികളായ സമ്പാദ്യ സമാശ്വാസ പദ്ധതി, ദേശീയ മത്സ്യത്തൊഴിലാളി ഭവന നിർമാണ പദ്ധതി എന്നിവക്ക് പകരം ഉൾനാടൻ മത്സ്യബന്ധനത്തിനും അക്വാകൾചറിനുമാണ് പ്രാമുഖ്യം നൽകുന്നത്.
ഇതോടെയാണ് സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിലും കാര്യമായ കുറവുണ്ടായത്. 2016-17ൽ ദേശീയ ഭവനനിർമാണ പദ്ധതിയിലുൾപ്പെടുത്തി 800 വീട് നിർമിക്കാൻ അപേക്ഷ സമർപ്പിച്ചെങ്കിലും 167 എണ്ണത്തിന് മാത്രമാണ് അംഗീകാരം നൽകിയത്. ഹാർബർ എൻജിനീയറിങ് വകുപ്പിന് കഴിഞ്ഞ രണ്ട് വർഷമായി തുച്ഛമായ തുകയാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഓരോ പുതിയ ഫിഷിങ് ഹാർബറുകളുടെയും നിർമാണത്തിന് 25 കോടി രൂപ മാത്രമായി കേന്ദ്രവിഹിതം ചുരുക്കുകയും ചെയ്തു. ഹാർബർ എൻജിനീയറിങ് വകുപ്പിന് നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് 372.12 കോടിയാണ് അനുവദിച്ചത്. ഇതിൽ കേന്ദ്രവിഹിതമായി ലഭിക്കേണ്ടത് 372.12 കോടിയാണ്. എന്നാൽ, 127.56 കോടിയേ ലഭ്യമായിട്ടുള്ളൂ. 2016-17ൽ 11.58 കോടി മാത്രമാണ് ലഭിച്ചത്. 2017-18ൽ തുകയൊന്നും ലഭിച്ചിട്ടുമില്ല. സംസ്ഥാനം കൂടുതലായി ചെലവഴിച്ച 84.65 കോടി കേന്ദ്രം മടക്കി നൽകാനുമുണ്ട്. കേന്ദ്രവിഹിതം വെട്ടിക്കുറക്കൽ, വലുപ്പം കുറഞ്ഞ മീനുകളുടെ മത്സ്യബന്ധനം, അമിത മത്സ്യബന്ധനത്തിനെതിരായ നടപടി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേരള സർക്കാറിനെ വീണ്ടും സമീപിക്കുമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.