തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ. കേന്ദ്ര ജല കമീഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് കത്തയച്ചത്.
ബേബി ഡാമിന്‍റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് കേന്ദ്രം കത്തിൽ നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്തിന് കേന്ദ്ര കത്തയച്ചിട്ടുള്ളത്. അതേസമയം, കേന്ദ്ര ജല കമീഷന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതിയിൽ ഇന്ന് കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ അണക്കെട്ടാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്നും കേരളം ചൂണ്ടിക്കാട്ടി.
നിലവിലെ റൂള്‍കര്‍വ് അംഗീകരിക്കാനാവില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിൽ സംസ്ഥാനത്തെ മഴയുടെ സ്വഭാവം വലിയ തോതില്‍ മാറി. അത് മുല്ലപ്പെരിയാറിനെയും ബാധിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ ഏതാനും ദിവസത്തെ മഴ മതിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ കേരള സർക്കാർ തമിഴ്നാടിന് അനുമതി നൽകിയത് സംസ്ഥാനത്ത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മരം മുറിക്കാൻ അനുമതി നൽകിയത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നടപടി അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി എ.െക. ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. കീഴ് ഉദ്യോഗസ്ഥന്‍റെ നടപടി അറിയാത്ത വകുപ്പ് മന്ത്രിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.