പാലക്കാട്: സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും ഇതര സ്ഥാപനങ്ങളിലെയും നഴ്സുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനുള്ള കരട് മാർഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി.
ഇത് നടപ്പാക്കിയെന്ന് സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. നിലവിൽ പ്രധാനമായും സ്വകാര്യമേഖലയിൽ നഴ്സുമാർ അഭിമുഖീകരിക്കുന്ന തൊഴിൽ ചൂഷണം തടയാൻ പര്യാപ്തമാണ് പുതിയ മാർഗരേഖ.
പ്രധാന നിർദേശങ്ങൾ:
- നഴ്സുമാരുടെ സാധാരണ ജോലിസമയം ആഴ്ചയിൽ 40 മണിക്കൂറും ദിവസത്തിൽ എട്ട് മണിക്കൂറും കവിയരുത്. ഓവർടൈം ജോലി ചെയ്യുന്നവർക്ക് കോമ്പൻസേറ്ററി ഡേ-ഓഫ് പരിഗണിക്കണം.
- ഡ്യൂട്ടിയിലോ അവധിയിലോ ഉണ്ടാകുന്ന മാറ്റത്തിന് മുൻകൂർ അനുമതി തേടുകയും വേണം. സ്ഥാപനങ്ങൾ സൗകര്യപ്രദമായ ജോലിസമയവും ഷിഫ്റ്റ് ഡ്യൂട്ടികളും പ്രോത്സാഹിപ്പിക്കണം.
- കഴിയുന്നിടത്തോളം, നഴ്സുമാരെ അവരുടെ പ്രഫഷനൽ അറിവും വൈദഗ്ധ്യവും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് താൽപര്യമുള്ള മേഖലകളിൽ നിയമിക്കണം.
- ഓരോ വാർഡിലും/യൂനിറ്റിലും മതിയായ യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച നഴ്സുമാരെ നിയോഗിക്കണം
- എല്ലാ നഴ്സിങ് ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധനയും പ്രതിരോധ കുത്തിവെപ്പും ചികിത്സസൗകര്യവും ഉറപ്പുവരുത്തണം.
- സ്ഥാപനത്തിന്റെ എല്ലാ യൂനിറ്റുകളിലും/വാർഡുകളിലും മതിയായ അടിസ്ഥാന സൗകര്യവും സുസജ്ജമായ വർക്ക് സ്റ്റേഷനുകളും ഉറപ്പാക്കണം.
- കുടിവെള്ളം, അടുക്കള, പ്രത്യേകം ശൗചാലയം, വസ്ത്രം മാറാനുള്ള മുറി, ലോക്കറുകൾ, വൃത്തിയുള്ള യൂനിഫോം തുടങ്ങിയവ ഉറപ്പുവരുത്തണം.
- കഴിയുന്നിടത്തോളം ജീവനക്കാർക്ക് ആശുപത്രി പരിസരത്തോ സമീപത്തോ താമസസൗകര്യം നൽകണം.
- ദീർഘനേരം ജോലി ചെയ്യുന്നവർക്കായി പ്രത്യേകം വിശ്രമമുറികൾ ഏർപ്പെടുത്തണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ക്രഷ് സൗകര്യവും സൗജന്യമായി നൽകണം.
- തൊഴിൽസ്ഥലത്തെ ലൈംഗികാതിക്രമം തടയൽ നിയമം അനുസരിച്ച് ആന്തരിക പരാതി കമ്മിറ്റി രൂപവത്കരിക്കണം.
- രാത്രി ഷിഫ്റ്റുകളിൽ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രികൾ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണം.
- പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് പരിശീലനം നൽകുകയും കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും മുതിർന്ന നഴ്സുമാരുടെ കീഴിൽ പോസ്റ്റ് ചെയ്യുകയും വേണം.
- ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് നഴ്സിങ് സ്റ്റാഫിന് അവകാശമുണ്ട്.
- യോഗ്യതയുടെയും അനുഭവ പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ന്യായമായ പ്രതിഫലം ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.